കശ്‌മീരിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ റെയിൽവേ സ്‌പെഷ്യൽ സർവിസ് ആരംഭിച്ചു –

ശ്രീനഗർ: ജമ്മു കശ്‌മീരിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ സർവിസ് ആരംഭിച്ചു. എസ്എംവിഡി കത്ര, ക്യാപ്‌റ്റൻ തുഷാർ മഹാജൻ, ജമ്മു താവി എന്നിവിടങ്ങളിൽ നിന്നുമാണ് സർവിസുകള്‍ ആരംഭിച്ചിരിക്കുന്നത്. രക്ഷാദൗത്യം മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ജമ്മു കശ്‌മീരിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ റെയിൽവെ സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായാണ് സ്‌പെഷ്യൽ ട്രെയിനുകളെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ഹെൽപ് ലൈൻ നമ്പറുകളും ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. കൂടാതെ വാർ റൂമുകളും പ്രവർത്തനമാരംഭിച്ചു. സംശയാസ്‌പദമായി എന്തെങ്കിലും തോന്നിയാൽ ഉടൻ റെയിൽവേയെ അറിയിക്കണമെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
12920, 22942, 20434, 22432, 12414, 12446, 14662 എന്നീ നമ്പറുകളിലെ വിവിധ ട്രെയിനുകളിലായി കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ ലക്ഷ്യ സ്ഥാനങ്ങളിലേക്കെത്തിക്കാനുള്ള നടപടികള്‍ ഉദംപൂരിൽ (എംസിടിഎം) സ്റ്റേഷനിൽ നിന്ന് പുരോഗമിക്കുകയാണ്. സാംഗൽദാൻ റെയിൽവെ സ്റ്റേഷനിൽ നിന്ന് എംസിടിഎം സ്റ്റേഷനിലേക്ക് ഏകദേശം 170 യാത്രക്കാരുമായി മറ്റൊരു ട്രെയിനും പുറപ്പെട്ടിട്ടുണ്ട്.
നേരത്തെ റിസർവ് ചെയ്‌ത യാത്രക്കാരെ കൂടാതെ ബുക്കിങ് ഇല്ലാത്തവർക്കും സീറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. രാത്രി 9:20 നും 11:27 നുമായി ജമ്മുവിൽ നിന്ന് പുറപ്പെട്ട ട്രെയിനുകളിൽ 67 ശതമാനം യാത്രക്കാരും റിസർവേഷനുള്ളവരാണ്. 180 ഓളം പേർക്ക് റിസർവേഷനില്ലെന്നും അധികൃതര്‍ അറിയിച്ചു.