ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാ ഏജൻസി

0

ശ്രീനഗർ: തെക്കൻ കശ്‌മീരിലെ പഹൽഗാമിന് സമീപം രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാ ഏജൻസി. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നീ ഭീകരരുടെ ചിത്രമാണ് പുറത്തുവിട്ടതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മൂസ, യൂനുസ്, ആസിഫ് എന്നീ പേരുകളിലാണ് ഈ മൂന്ന് ഭീകരരും അറിയപ്പെടുന്നതെന്നും പൂഞ്ചിലെ ഭീകരാക്രമണങ്ങളിൽ ഇവര്‍ക്കു പങ്കുണ്ടെന്നും സുരക്ഷാ ഏജൻസി വ്യക്തമാക്കി. ആക്രമണത്തില്‍ അതിജീവിച്ചവരുടെ സഹായത്തോടെയാണ് രേഖാചിത്രങ്ങൾ തയ്യാറാക്കിയതെന്ന് സുരക്ഷാ ഏജൻസി ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈ ഭീകരര്‍ ലഷ്‌കര്‍-ഇ- ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സുരക്ഷാ ഏജൻസിക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ സുരക്ഷാ സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭീകരരുടെ സംഘത്തിൽപെട്ടവര്‍ അഫ്‌ഗാൻ ഭാഷയായ പഷ്തോ സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു.

ഭീകരാക്രമണ സംഘത്തിൽ ഉണ്ടായിരുന്ന നാല് പേർ സൈനിക വേഷത്തിലാണ് എത്തിയത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ നിഴൽ സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഈ സംഘടനയില്‍പെട്ടവരാണ് തിരിച്ചറിഞ്ഞവരെന്നും സുരക്ഷാ ഏജൻസി സൂചന നല്‍കുന്നു.

പഹല്‍ഗാമിലെ കാടുകളില്‍ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. അമേരിക്കൻ നിര്‍മിത എകെ 47 ആണ് ആക്രമണത്തിനായി ഭീകരര്‍ ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ലഷ്‌കര്‍ ഭീകരന്‍ സെയ്‌ഫുള്ള കസൂരിയാണ് ആക്രമണത്തിന് പിന്നിലെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഏഴംഗ സംഘമെന്നാണ് റിപ്പോര്‍ട്ട്. ഭീകരാക്രമണത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശികളും അടക്കം 26ഓളം വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *