“അച്ഛനോട് കലിമ ചൊല്ലാൻ ആവശ്യപ്പെട്ടു. എന്താണ് കലിമ എന്ന് മനസിലാക്കാത്ത അച്ഛന് നേരെ നിറയൊനിറയൊഴിച്ചു “

ശ്രീനഗർ/മുംബൈ:അച്ഛൻ്റെ മരണം കണ്‍മുന്നിൽക്കണ്ട ഞെട്ടലിലാണ് പൂനൈ സ്വദേശിയായ 26കാരി ആശാവരി ജഗ്‌ദലെ. തൻ്റെ കണ്‍മുന്നിൽ വച്ചാണ് അവർ അച്ഛനെയും അമ്മാവനെയും വെടിവച്ച് കൊന്നത്. ആദ്യം കരുതിയത് സുരാക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നാണ്. എന്നാൽ കൂട്ടത്തിലുള്ളവരെല്ലാം വെടിയേറ്റു വീഴുന്നത് കണ്ട ഞാനും കുടുംബവും ഏതാനും ചിലരും ഓടി ടെൻ്റിൽ കയറി ഒളിച്ചിരുന്നു.
‘എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. എൻ്റെ മാതാപിതാക്കൾ ഉൾപ്പെടെ ഞങ്ങൾ അഞ്ച് പേരായിരുന്നു അവധിക്കാലം ആഘോഷിക്കാൻ മിനി സ്വിറ്റ്സർലൻഡ് എന്ന സ്ഥലത്തെത്തിയത്. പെട്ടെന്നാണ് ആക്രമണമുണ്ടായത്. ടെൻ്റിൽ കയറി ഒളിച്ച ഞങ്ങളുടെ അടുത്തേക്ക് ഭീകരർ എത്തി. അവർ തൻ്റെ അച്ഛനോട് ഇസ്‌ലാമിക വാക്യമായ കലിമ ചൊല്ലാൻ ആവശ്യപ്പെട്ടു. എന്താണ് കലിമ എന്ന് മനസിലാക്കാത്ത അച്ഛന് നേരെ നിറയൊഴിക്കുകയായിരുന്നു.
തലയിലും, ചെവിക്ക് പിന്നിലുമായി മൂന്ന് തവണയാണ് വെടിയുതിർത്തത്. ലോക്കൽ പൊലീസിൻ്റെ വേഷം ധരിച്ചായിരുന്നു ഭീകരർ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നതിന് ഞങ്ങളെ കുറ്റപ്പെടുത്തി. നിരപരാധികളെ കൊല്ലുന്നില്ലെന്ന് പറഞ്ഞ ഭീകരർ പലരെയും വെടിവച്ചിട്ടു. ഞങ്ങളോടൊപ്പം ടെൻ്റിൽ 6-7 വിനോദസഞ്ചാരികളും ഉണ്ടായിരുന്നു. അച്ഛൻ നിലത്തുവീണതിനുശേഷം, തോക്കുധാരികൾ അമ്മാവൻ്റെ നേരെ തിരിഞ്ഞു. പിന്നിൽ നിന്ന് നിരവധി തവണ വെടിവച്ചു. സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല.
സംഭവം കഴിഞ്ഞ് ഏകദേശം 20 മിനിറ്റിനുശേഷം സൈന്യം എത്തി ഞങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ചിലരെ അടുത്തുള്ള ആശുപത്രിയിലേക്കും മാറ്റി.’ -ആശാവരി പറഞ്ഞു. പൂനൈ സ്വദേശികളായ സന്തോഷ് ജഗ്‌ദലെ, കൗസ്‌തുഭ് എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മഹാരാഷ്‌ട്ര സ്വദേശികളുടെ മൃതദേഹം സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചതായി ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം ക്രമീകരിക്കണമെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള വിനോദസഞ്ചാരികളെ ഉടൻ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.