അയൽവാസിയെ കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്ന പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: അയൽവാസിയെ കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്ന പശ്ചിമബംഗാൾ സ്വദേശിയെ സാഹസികമായി പിടികൂടി പൊലീസ്. പശ്ചിമ ബംഗാൾ ഖണ്ടഘോഷ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ജെന്നി റഹ്മാനെയാണ് വടകര പൊലീസിൻ്റ സഹായത്തോടെ പശ്ചിമ ബംഗാൾ പൊലീസ് പിടികൂടിയത്. ഇയാളുടെ മാതാവും കേസിലെ പ്രതിയാണ്. ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇയാൾ ഒളിവില്‍ കഴിയുകയായിരുന്നു. വാടക കെട്ടിടത്തിൽ താമസിച്ച് നിർമാണ തൊഴിലാളികൾക്കൊപ്പം ദിവസക്കൂലിക്ക് പണിക്ക് പോകുകയായിരുന്നു ജെന്നി റഹ്മാൻ. കേരളത്തിൽ കൂലിപണിക്ക് പോകുന്ന മറ്റ് ബംഗാളികളിൽ നിന്നാണ് പൊലീസ് ഇയാളുടെ വിവരങ്ങൾ ശേഖരിച്ചത്. പൊലീസ് രക്ഷപെടാനുള്ള ശ്രമത്തിനിടെ മൽപിടുത്തത്തിലൂടെയാണ് പ്രതിയെ കീഴ്പ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
വ്യക്തിവൈരാഗ്യത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ കൊലപ്പെടുത്തി ജെന്നി റഹ്മാനും മാതാവും നാടുവിടുകയായിരുന്നു. എന്നാൽ മാതാവിനെ ഇതുവരെ കണ്ടെത്താനായില്ല. കഴിഞ്ഞ വർഷമാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം ജെന്നി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മാറി മാറി താമസിച്ച് വരികയായിരുന്നു. അടുത്തിടെയാണ് ചോമ്പാലിൽ എത്തിയത്. അതേസമയം മാതാവ് കേരളത്തിൽ എത്തിയിട്ടില്ലെന്ന് പശ്ചിമ ബംഗാൾ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.