പത്തനംതിട്ടയിൽ തോമസ് ഐസക്ക് സ്ഥാനാർത്ഥിയാകുമ്പോൾ കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമെന്ന വെപ്രാളം!. ഉദ്ഘാടനങ്ങളുടെ ഘോഷയാത്രയുമായി കാഞ്ഞിരപ്പള്ളി എംഎൽഎ

0

പ്രത്യേക ലേഖകൻ

കാഞ്ഞിരപ്പള്ളി: പതിവുപോലെ ഇലക്ഷൻ അടുക്കുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാനായി നിർമ്മാണ ഉദ്ഘാടനങ്ങളുമായി കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ. ജയരാജ്. പൊതുവേ മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാറില്ലാത്ത ഇദ്ദേഹം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും “ഫണ്ടുകൾ അനുവദിച്ചു” എന്ന് പറഞ്ഞുകൊണ്ട് വലിയ പ്രചരണം നടത്തിയിരുന്നു. എന്നാൽ ഇലക്ഷൻ കഴിഞ്ഞപ്പോൾ “അനുവദിച്ചു എന്നു പറഞ്ഞിരുന്ന പല പ്രോജക്ടുകളും” മാറ്റപ്പെട്ടതായി ജനങ്ങൾക്ക് മനസ്സിലാവുകയായിരുന്നു. മണ്ഡലത്തിലെ ഗ്രാമീണ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വളരെ ശോചനീയുമായ അവസ്ഥയിലാണ്. ഒരു എംഎൽഎ എന്ന നിലയിൽ തനിക്ക് മാർബിൾ ഫലകം വെക്കുവാൻ കഴിയുന്ന പുതിയ പ്രോജക്ടുകളും കെട്ടിടങ്ങളും മാത്രമാണ് അദ്ദേഹത്തിന് താല്പര്യം. അതുകൊണ്ടുതന്നെ തൻ്റെ പേരിൽ അറിയപ്പെടുവാൻ സാധ്യതയുള്ള പ്രോജക്ടുകൾ ഒഴികെ അടിസ്ഥാന സൗകര്യ വികസന മേഖലകളിലും ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും യാതൊരു ശ്രദ്ധയും ഉണ്ടാവാറില്ല. ഈ ഒറ്റ കാരണത്താൽ മണ്ഡലത്തിലെ ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് എതിരായി മാറിയിരിക്കുന്നു. അതിന്റെ പ്രതിഫലമെന്നോണം അടുത്തകാലത്ത് നടന്ന ബാങ്ക് ഇലക്ഷനുകളിലും കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഡിവിഷനിലെ ബൈഇലക്ഷനിലും സിറ്റിംഗ് സീറ്റുകൾ വരെ മുന്നണി തോറ്റിരുന്നു.

കൂനിൻമേൽ കുരു എന്നോണം, പാർലമെൻ്റ് ഇലക്ഷനിൽ സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്ക് സ്ഥാനാർത്ഥിയായി വരുന്നു. സിപിഎമ്മിന്റെ പ്രസ്റ്റീജ് സ്ഥാനാർഥി ആയതുകൊണ്ട് തന്നെ വിജയ് സാധ്യത പരിശോധിച്ചപ്പോൾ കാഞ്ഞിരപ്പള്ളി എംഎൽഎയുള്ള എതിർപ്പ് തോമസ് ഐസക്കിൻ്റെ വിജയസാധ്യതയെ ബാധിക്കുമെന്ന് സിപിഎം മനസ്സിലാക്കി. വൈകിയില്ല, സിപിഎം നേതൃത്വത്തിൽനിന്നും ശക്തമായ താക്കീത് ജയരാജിന് ലഭിക്കുകയും ചെയ്തു. അടുത്ത തവണ കാഞ്ഞിരപ്പള്ളിയിൽ ജയരാജിന് സീറ്റ് ഉണ്ടാവില്ലായെന്നും, സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന് വരെ പറഞ്ഞുവെച്ചു. പേടിച്ച് വിറളിപൂണ്ട ജയരാജ്, കുറെയേറെ പദ്ധതികളുടെ ലിസ്റ്റ് ഉണ്ടാക്കി ഉദ്ഘാടന മാമാങ്കമാണ് നടത്തിവരുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കാഞ്ഞിരപ്പള്ളി ബൈപ്പാസ്. ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് ഒരു റോഡ് ഉണ്ടാക്കുന്നതിനേക്കാൾ വലിയ പ്രചരണമാണ് കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ പേരിൽ നടത്തുന്നത്. അല്പത്തരം എന്നു പറയട്ടെ, പ്രചരണ കോലാഹലങ്ങൾ കണ്ടാൽ, ബൈപ്പാസ് പൂർത്തിയായി ബൈപ്പാസിലൂടെ വാഹനം ഓടിക്കുകയാണെന്ന് തോന്നും. വെറും നിർമ്മാണ ഉദ്ഘാടനമാണ് നടക്കുന്നതെന്നതാണ് സത്യം. ഇത്തരം പ്രചരണ വേലകൾ കഴിഞ്ഞ 10 -15 വർഷമായി കാഞ്ഞിരപ്പള്ളിക്കാർ കാണുന്നതാണ്. ഓരോ തെരഞ്ഞെടുപ്പുകളിലും കാഞ്ഞിരപ്പള്ളി ബൈപ്പാസിൻ്റെ പേര് പറഞ്ഞ് വോട്ട് പിടിക്കും. പിന്നീടൊന്നും നടക്കുകയുമില്ല. ഇത്തവണയും ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് നിർമ്മാണ ഉദ്ഘാടനം നടത്തുന്നു. രണ്ടുവർഷംകൊണ്ട് പണിപൂർത്തിയാക്കാൻ കഴിഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ട് പിടിക്കാനായി ബൈപ്പാസിന്റെ ഒരു ഉദ്ഘാടനം കൂടി നടത്താമല്ലോ. കുഞ്ഞുകുറുപ്പിന്റെ ബുദ്ധി, വലിയകുറുപ്പിന്റെ ഉറപ്പു പോലെയല്ലല്ലോ. സമീപ നിയോജക മണ്ഡലങ്ങളിലെ ചങ്ങനാശ്ശേരി ബൈപ്പാസ്, കടുത്തുരുത്തി ബൈപ്പാസ്, റാന്നി ബൈപ്പാസ്, പാലാ ബൈപ്പാസ്, പൂഞ്ഞാറിലെ മുണ്ടക്കയം ബൈപ്പാസ് തുടങ്ങിയവയെല്ലാം പതിറ്റാണ്ടുകൾക്ക് മുമ്പ് പണിപൂർത്തിയായതാണ്. അപ്പോഴും കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ നിർമ്മാണ ഉദ്ഘാടനം മാത്രമാണ് ഇപ്പോൾ നടന്നു വരുന്നത്. ഉദ്ഘാടന വേളയിൽ തനിക്ക് സോഷ്യൽ മീഡിയയിൽ നിന്നും ബൈപ്പാസിനെ പറ്റി നേരിട്ട ചോദ്യങ്ങളെപ്പറ്റി വികാരതീതനായി ജയരാജ് സംസാരിക്കുകയും ചെയ്തു. എന്നാൽ ഇത്തരം കള്ളക്കരച്ചിലൊന്നും ഇനി വിലപ്പോകില്ലയെന്നും വോട്ട് ചെയ്ത ജനങ്ങൾ എംഎൽഎയുടെ വഞ്ചന നിറഞ്ഞ പ്രവർത്തികളെ ചോദ്യം ചെയ്യുമെന്നുമാണ്, എംഎൽഎയുടെ കള്ളത്തരങ്ങൾ പൊളിച്ചുകൊണ്ട് ജനങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ പറയുന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൻ്റെ കെട്ടിടനിർമ്മാണ ഉദ്ഘാടനം, നേഴ്സിങ് കോളേജിന്റെ കെട്ടിടം തുടങ്ങി അനവധി കെട്ടിടങ്ങളാണ് മാർബിൾ ഫലകം വയ്ക്കാൻ കഴിയുന്ന രീതിയിൽ പ്രഖ്യാപിക്കപ്പെടുന്നതിൽ ചിലത്.

ഒരു തിരഞ്ഞെടുപ്പിൽ ഫണ്ട് അനുവദിച്ചു എന്ന് പറഞ്ഞ് ഫ്ലക്സ് വെക്കുക -വോട്ട് ചോദിക്കുക – വിജയിക്കുക. വിജയിച്ചുകഴിയുമ്പോൾ തിരിഞ്ഞുനോക്കാതിരിക്കുക. അടുത്ത തിരഞ്ഞെടുപ്പിൽ അതിൻ്റെ നിർമ്മാണ ഉദ്ഘാടനം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വോട്ട് മേടിക്കുക. ഇലക്ഷൻ കഴിയുമ്പോൾ വീണ്ടും അനങ്ങാതിരിക്കുക. അടുത്ത തെരഞ്ഞെടുപ്പാവുമ്പോൾ എങ്ങനെയെങ്കിലും തട്ടിക്കൂട്ടി അതിൻ്റെ ഉദ്ഘാടനം നടത്തുക. അതിന്റെ പേരിൽ ഫലകവും ഫ്ലക്സും വയ്ക്കുക. എന്നിട്ട് ഇലക്ഷൻ നേരിടുക. ഇത്തരം അൽപ്പത്തരങ്ങളും സൂത്രപ്പണികളുമാണ് നാളിതുവരെ ജയരാജ് നടത്തിവന്നിരുന്നത്. എന്നാൽ സോഷ്യൽ മീഡിയ ഉപയോഗം വ്യാപകമായതോടുകൂടി ഇദ്ദേഹത്തിൻ്റെ കള്ളത്തരങ്ങൾ പൊളിയായിരുന്നു. മണ്ഡലത്തിലെ ജനങ്ങൾക്ക് യാതൊരുവിധ ഉപകാരവും ഇല്ലാത്ത പല പ്രോജക്ടുകളും കൊണ്ടുവന്ന് ഫ്ലക്സും ഫലകവും വെച്ച് കെട്ടിടങ്ങൾ പണിയുകയും അതിൽ മേനി നടിക്കുകയുമാണ് അദ്ദേഹത്തിൻ്റെ സ്ഥിരം ചെയ്തികൾ.

സമീപ മണ്ഡലങ്ങളായ പാലായിലും പൂഞ്ഞാറിലും വലിയ വികസനങ്ങൾ ഉണ്ടായപ്പോഴും കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പല മേഖലകളും വികസന വിഷയത്തിൽ പതിറ്റാണ്ടുകൾ പിറകിലാണ്. ജയരാജിന്റെ കഴിവുകേട് മൂലം കാഞ്ഞിരപ്പള്ളിയിലെ ജനങ്ങളുടെ വികസന സ്വപ്നങ്ങളാണ് വർഷങ്ങൾ പുറകിലേക്ക് പോകുന്നത്. ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന ചൊല്ല് കാഞ്ഞിരപ്പള്ളിയിൽ കാരൃപ്രാപ്തിയില്ലാത്ത എംഎൽഎ മൂലം പ്രവർത്തിപഥത്തിലെത്തുകയാണ്. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് സിപിഎം നേതൃത്വത്തിൽനിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടായത്. വരുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായ തോമസ് ഐസക്കിന് മുൻതൂക്കം കിട്ടിയില്ലയെങ്കിൽ ജയരാജിന്റെ രാഷ്ട്രീയ ഭാവിയും അതോടെ അവസാനിക്കുമെന്ന് കരുതപ്പെടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *