ലാറ്റിന്‍ അമേരിക്കയില്‍ നിന്നും വന്ന ആദ്യ മാര്‍പാപ്പ; മനുഷ്യത്വത്തിൻ്റെ മഹനീയ മാതൃക

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷ പദവിയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ എത്തിയത് അപ്രതീക്ഷിതമായിട്ടയാരിന്നു. സഭാ ചരിത്രത്തില്‍ തന്നെ വിരളമായി മാത്രം നടന്നിട്ടുള്ള സഭാധ്യക്ഷന്റെ രാജി തന്നെ നാടകീയമായിരുന്നു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രാജിപ്രഖ്യാപിച്ചതോടെയാണ് അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ സഭാനാഥന്റെ പദവിയിലെത്തി.
2013 മാര്‍ച്ച് 13ന് മാര്‍പാപ്പയായതു മുതല്‍ ആഗോള കത്തോലിക്ക സഭയെ ഫ്രാന്‍സിസ് മാര്‍പാപ്പ നയിച്ചത് നവീകരണത്തിന്റെ പാതയിലായിരുന്നു. തീവ്രവാദം , അഭയാര്‍ഥി തര്‍ക്കങ്ങള്‍ തുടങ്ങി ലോകത്തെ ഏതൊരു മുനഷ്യനെ ബാധിക്കുന്ന പ്രശ്‌നങ്ങളിലും അദ്ദേഹം അഭിപ്രായം പറഞ്ഞു. അത്രമേല്‍ മനുഷ്യത്വപരമായിരുന്നു അദ്ദേഹത്തിന്റെ രീതികള്‍. തന്റെ വിശ്വാസികളെ മാത്രമല്ല എല്ലാ മനുഷ്യരേയും ഒരു പോലെ കണ്ടു. അഭിപ്രായം പറഞ്ഞു. ലോകം അത് ശ്രദ്ധയോടെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തു.
പൗലോസ് അപ്പസ്തോലന്‍ കൊറിന്ത്യര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ സ്‌നേഹത്തെക്കുറിച്ച് കവിത പോലൊരു വാക്യമുണ്ട്. ‘ഞാന്‍ മനുഷ്യരുടേയും ദൂതന്മാരുടേയും ഭാഷകളില്‍ സംസാരിച്ചാലും എനിക്ക് സ്നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ… എനിക്ക് പ്രവചനശക്തിയുണ്ടെന്നാലും എല്ലാ രഹസ്യങ്ങളും എല്ലാ അറിവും നേടിയെന്നാലും മലകളെ മാറ്റാന്‍ തക്ക വിശ്വാസം എനിക്കുണ്ടെന്നാലും സ്‌നേഹമില്ലെങ്കില്‍, ഞാന്‍ ഒന്നുമല്ല. എനിക്കുള്ളതെല്ലാം ഞാന്‍ ദാനം ചെയ്താലും, എന്റെ ശരീരം ചുട്ടുകളയാന്‍ ഏല്‍പ്പിച്ചാലും, സ്‌നേഹമില്ലെങ്കില്‍, എനിക്ക് ഒന്നും ലഭിക്കുന്നില്ല. സ്‌നേഹം ക്ഷമയും ദയയും ഉള്ളതാണ്; സ്‌നേഹം അസൂയപ്പെടുന്നില്ല, പൊങ്ങച്ചം പറയുന്നില്ല; അത് അഹങ്കാരമോ പരുഷമോ അല്ല. അത് നീരസമുള്ളതല്ല. അത് പ്രകോപിപ്പിക്കുന്നില്ല….’ മലകളെ മാറ്റാന്‍ തക്ക വിശ്വാസമുള്ളവനായിരുന്നുവെങ്കിലും അതിലുമേറെ സ്‌നേഹത്തെ കൈയിലേന്തിയ നല്ലിടയനാണ് വിടവാങ്ങിയിരിക്കുന്നത്. ദാനത്തെക്കാളേറെ, പ്രവചനങ്ങളേക്കാളേറെ, അറിവുകളേക്കാളേറെ, ഒരു പക്ഷേ വിശ്വാസത്തേക്കാളേറെ സ്‌നേഹത്തെ ഉയര്‍ത്തിപ്പിടിക്കണമെന്ന് ജീവിതത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തെ കാട്ടിക്കൊടുത്തു. വിവേചനമോ അസൂയയോ സങ്കുചിതത്വമോ അധൈര്യമോ ഇല്ലാതെ തെളിഞ്ഞ സ്‌നേഹത്തിന്റെ പാതയിലൂടെ മാത്രം സഭയെ നയിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുനിഞ്ഞിറങ്ങിയപ്പോള്‍ സഭയും ലോകക്രമവും വിശ്വാസികളുമെല്ലാമെല്ലാം ആ മാറ്റത്തിന്റെ പാതയെ പിന്തുടര്‍ന്നു. കത്തോലികസഭയെന്നത് ചലനാത്മകമായ ഒരു സ്ഥാപനമെന്നും അതിന്റെ നേതാവിന് ഉത്തരമില്ലാത്ത ചോദ്യങ്ങളെ പോലും വളരെ തുറന്ന് ധീരമായി നേരിടാനാകുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തെ കാട്ടിക്കൊടുത്തു. സ്‌നേഹത്തിനായി എന്നും വാദിക്കുന്ന അഭിഭാഷകനായി ഉയര്‍ന്നുനിന്ന മാര്‍പാപ്പ ചിലപ്പോഴെങ്കിലും കടുത്ത യാഥാസ്ഥിത വിഭാഗത്തിന്റെ നെറ്റിച്ചുളിപ്പിച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ മാനവ സ്‌നേഹവും അത് ഉയര്‍ത്തിപ്പിടിക്കാന്‍ കാട്ടിയ ധീരതയും ഓര്‍മിപ്പിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് കണ്ടെടുക്കാനാകും.
സഭയ്ക്കുള്ളില്‍ വലിയ രീതിയില്‍ വൈദികര്‍ക്കും മെത്രാന്മാര്‍ക്കുമെതിരെ ഉയര്‍ന്ന ബാലപീഡനം ഉള്‍പ്പെടെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളില്‍ കൃത്യമായ നടപടി സ്വീകരിച്ചു. പ്രസന്നവദനനായി മാത്രം കണ്ടിരുന്ന അദ്ദേഹത്തിന്റെ ജീവിതവും ലളിതമായിരുന്നു. തന്റെ അന്ത്യയാത്രയും ഈ രീതിയില്‍ തന്നെ വേണമെന്ന നിര്‍ദ്ദേശം അദ്ദേഹം നല്‍കിയിട്ടുണ്ട്.
സൈപ്രസ്, ഓക്ക്, വാക മരത്തടികള്‍ കൊണ്ടു നിര്‍മിച്ച 3 പെട്ടികള്‍ക്കുള്ളിലായി മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം തനിക്ക് സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. ദീര്‍ഘമായ പൊതുദര്‍ശനം, നീണ്ട അന്ത്യോപചാര ചടങ്ങുകള്‍ ഇവയൊന്നും വേണ്ട. മുന്‍മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കു പകരം റോമിലെ സെന്റ് മേരി മേജര്‍ പള്ളിയില്‍ അടക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.