‘പുതുവഴികളിലൂടെ’…വികസന രേഖ പുറത്തിറക്കിപിണറായി സര്‍ക്കാര്‍

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിൻ്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന വികസനരേഖ പുറത്തിറക്കി സര്‍ക്കാര്‍. ‘പുതുവഴികളിലൂടെ’ എന്ന തലക്കെട്ടോടെ പൊതുജനസമ്പർക്ക കാര്യ വകുപ്പാണ് കഴിഞ്ഞ 9 വര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന വികസന രേഖ പുറത്തിറക്കിയത്. രാജ്യത്ത് ആകെയുള്ള പിഎസ്‌സി നിയമനങ്ങളുടെ 66 ശതമാനവും കേരളത്തിലാണെന്നും പിണറായി സര്‍ക്കാരിൻ്റെ കാലത്ത് 1,61,361 ശുപാര്‍ശകള്‍ നല്‍കിയെന്നും വികസന രേഖയില്‍ വിശദീകരിക്കുന്നു.
2025 ല്‍ 8297 പിഎസ്‌സി നിയമനം ഉള്‍പ്പെടെ രണ്ടാം പിണറായി സര്‍ക്കാര്‍ 1,14,701 നിയമന ശുപാര്‍ശകള്‍ നല്‍കി. 85 മേഖലകളില്‍ മിനിമം വേതനം പ്രഖ്യാപിച്ചുവെന്നും വികസന രേഖയില്‍ വിശദീകരിക്കുന്നു. വിദേശ റിക്രൂട്ട്‌മെൻ്റില്‍ നോര്‍ക്ക മുന്നില്‍, വ്യവസായ സൗഹൃദ കേരളം, സഹകരണത്തിൻ്റെ കരുത്ത്, ഉയര്‍ന്ന വേതനം തൊഴില്‍ സുരക്ഷയും, പരാതികളില്ലാത്ത ശബരിമല തീര്‍ഥാടനം, മനുഷ്യ വന്യജീവി സംഘര്‍ഷം തടയാന്‍ മിഷനുകള്‍, സ്ത്രീപക്ഷ നവകേരളം, കടലോര ജനതയ്ക്ക് കരുതല്‍, പാഠപുസ്‌തകങ്ങള്‍ നേരത്തെ, ഉത്തരവാദിത്ത ടൂറിസം, പവര്‍കട്ടില്ലാത്ത കേരളം എന്നിങ്ങനെ രണ്ടു പേജുകളിലായി നേട്ടങ്ങള്‍ വികസന രേഖയില്‍ ചുരുക്കി വിശദീകരിക്കുന്നുണ്ട്. നാലാം വാര്‍ഷികാഘോഷങ്ങള്‍ നാളെ കാസര്‍കോട്, കാലിക്കടവ് മൈതാനത്ത് ആരംഭിക്കുന്നതിന് മുന്നോടിയായാണ് വികസന രേഖ പുറത്തിറക്കിയത്. മെയ് 30 വരെ വിപുലമായ വാര്‍ഷികാഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല, മേഖലാ തല യോഗങ്ങള്‍ സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാര്‍ഷികാഘോഷ പരിപാടികളുടെ സമാപനം.പരിപാടികളുടെ ഏകോപനത്തിന് ജില്ലാതല കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതല കമ്മിറ്റികളുടെ ചെയര്‍മാന്‍ ജില്ലയുടെ ഏകോപന ചുമതലയുള്ള മന്ത്രിയാണ്. കോ ചെയര്‍മാന്‍ ജില്ലയിലെ മന്ത്രിയും ജനറല്‍ കണ്‍വീനര്‍ ജില്ലാ കലക്‌ടറും കണ്‍വീനര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറുമാണ്. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, പരിപാടി നടക്കുന്ന സ്‌ഥലത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപന അധ്യക്ഷന്‍ / അധ്യക്ഷ, വാര്‍ഡ് മെമ്പര്‍, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫിസര്‍മാര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗങ്ങള്‍ ഏപ്രില്‍ 21ന് കാസര്‍കോടും 22ന് വയനാടും 24ന് പത്തനംതിട്ടയിലും 28 ന് ഇടുക്കിയിലും 29 ന് കോട്ടയത്തും മെയ് 5ന് പാലക്കാടും 6 ന് ആലപ്പുഴയിലും 7ന് എറണാകുളത്തും 9ന് കണ്ണൂരും 12 ന് മലപ്പുറത്തും 13 ന് കോഴിക്കോടും 14 ന് തൃശൂരും 22 ന് കൊല്ലത്തും 3ന് തിരുവനന്തപുരത്തും നടക്കും.