പ്രത്യാശയുടെയും സഹനത്തിൻ്റെയും സന്ദേശം പകർന്ന് , ഇന്ന് ഈസ്റ്റർ ആഘോഷം

കുരിശുമരണത്തിന് ശേഷം മൂന്നാം നാള്‍ യേശുക്രിസ്തു ഉയർത്തെഴുന്നേറ്റതിൻ്റെ സ്മരണപുതുക്കി ലോക കൃസ്ത്യാനികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.
മാനവരാശിയുടെ പാപങ്ങളേറ്റുവാങ്ങി, പീഡനങ്ങൾ സഹിച്ച് ഗാഗുൽത്താ മലയിൽ കുരിശു മരണം വരിച്ച യേശു! ഏത് സഹനത്തിന് ശേഷവും പ്രതീക്ഷയുടെ പൊൻ പുലരി തീർച്ചയായും ഉണ്ടാകുമെന്ന് അതേ മാനവരാശിക്ക് കാണിച്ചു കൊടുത്തുകൊണ്ട്, മൂന്നാം നാൾ യേശുവിൻ്റെ ഉയിർത്തെഴുന്നേൽപ്പ്.
തിരുപ്പിറവി ദിനമായ ഡിസംബർ 25 അഥവാ ക്രിസ്മസ് ദിനം പോലെ തന്നെ വിശ്വാസികൾക്ക് ഏറെ പ്രധാനമാണ് ഈസ്റ്ററും. രാജ്യങ്ങൾ മാറുന്നതിനനുസരിച്ച് ആചാരങ്ങളിലും മാറ്റങ്ങളുണ്ടെങ്കിലും കുരുശിലേറ്റപ്പെട്ട കർത്താവ് ലോകരക്ഷകനായി ഉയിർത്തെഴുന്നേറ്റതാണ് ഈസ്റ്ററിൻ്റെ രത്നച്ചുരുക്കം. എല്ലാത്തിനുമപ്പുറം പ്രത്യാശയുടെ സന്ദേശമാണ് ഓരോ ഈസ്റ്ററും നൽകുന്നത്. ആപത്തുകാലത്ത് സ്വയം പഴിച്ചും വിധിയെ പഴിച്ചും കഴിയുന്നവർക്കും ഭീരുവിനെ പോലെ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നവർക്കും മുന്നിൽ ഈസ്റ്റർ പറഞ്ഞുവയ്ക്കുന്നത് മഹത്തായൊരു സന്ദേശമാണ്..
ഓശാന പെരുന്നാളോടുകൂടി തുടക്കമാകുന്ന വിശുദ്ധ വാരം. കുരിശിലേറ്റപ്പെടുന്നതിന് മുൻപ് കഴുതപ്പുറത്തേറി യേശു ജറുസലേമിലേക്ക് എത്തിയതിൻ്റെ ഓർമയാണ് വിശ്വാസികൾക്ക് ഓശാന ഞായർ. ഒലീവിൻ്റെ ചില്ലയും ഈന്തപ്പനയുടെ ഓലയും കൊണ്ട് വഴിയാകെ അലങ്കരിച്ച് ദൈവപുത്രനെ സ്വീകരിച്ച ജനത. ഇതിൻ്റെ ഓർമക്കാണ് ഓശാന നാളിലെ കുരുത്തോല പ്രദക്ഷിണം.ഓശാനയ്ക്ക് ശേഷം പെസഹ വ്യാഴം. യേശു തൻ്റെ 12 ശിഷ്യന്മാരുമൊത്ത് നടത്തിയ അന്ത്യ അത്താഴ നാൾ. പെസഹ വ്യാഴത്തിൻ്റെ വിശ്വാസ വേര് ചെന്നെത്തി നിൽക്കുന്നത് അന്ത്യ അത്താഴത്തിലാണ്. അത്താഴ വിരുന്നിടെ ശിഷ്യരുടെ കാലുകൾ കഴുകിയ ക്രിസ്തു… അങ്ങനെ ദൈവപുത്രൻ വിനത്തിൻ്റെ മാതൃകയാകുകയായിരുന്നു. ഈ സ്മരണയിലാണ് പള്ളികളിലെ കാൽകഴുകൽ ശുശ്രൂഷകൾ. അവസാന അത്താഴ ഓർമയിൽ വീടുകളിൽ അപ്പം മുറിക്കലും ഉണ്ടാകും.ക്രിസ്തു സഹിച്ച പീഡനങ്ങളുടെയും കുരിശു മരണത്തിൻ്റെയും സമരണയാണ് ദുഃഖവെള്ളി. യേശു തോളിൽ കുരിശേറ്റി ഗാഗുൽത്താമല നടന്നുകയറിയ ഓർമയിലാണ് വിശ്വാസി സമൂഹം കുരിശിൻ്റെ വഴി കയറുന്നത്. ദുഖവെള്ളിയ്ക്ക് പിന്നാലെയെത്തുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ.
പ്രാർഥനയും ആഘോഷവും ഒന്നിക്കുന്ന ഈസ്റ്റർ. തലേന്നാൾ അർധരാത്രി മുതൽ ആരംഭിക്കുന്ന ദേവാലയങ്ങളിലെ പ്രത്യേക പ്രാർഥന മുതൽ ഈസ്റ്റർ ആരംഭിക്കുകയായി. പാതിരാ കുർബാനയ്ക്ക് ശേഷം അമ്പത് നോമ്പ് അവസാനിക്കുന്നതോടെ ആഘോഷവും തുടങ്ങുകയായി.
ഈസ്റ്റർ ആഘോഷം പ്രത്യേക വിഭവങ്ങളൊരുക്കിയാണ് വിശ്വാസികൾ കൊണ്ടാടുന്നത്. ഈസ്റ്റർ മുട്ടകളാണ് ഇതിൽ പ്രധാനം. ഈസ്റ്റർ വിരുന്നിലെ അലങ്കരിച്ച മുട്ടകളാണ് ഇവ. പാസ്ചൽ മുട്ടകളെന്നും വിളിപ്പേരുളള ഈസ്റ്റർ മുട്ടകൾ മധ്യ, കിഴക്കൻ യൂറോപ്പിൽ ഇന്നും ഈസ്റ്റർ വിരുന്നിലെ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ്.
ഈസ്റ്റർ മുട്ടകൾ വെറുതെയങ്ങ് കയറി ഹീറോ ആയതല്ല. ഈ മുട്ടകൾക്ക് പിന്നിൽ വിശ്വാസത്തിൻ്റെ നിറമുണ്ട്. കുരിശിലേറ്റപ്പെട്ട് മൂന്നാം നാൾ ഉയിർത്തെണീറ്റ ക്രിസ്തു ദേവൻ്റെ ശൂന്യമായ തിരുകുടീരത്തെ സൂചിപ്പിക്കുന്നതാണീ കുഞ്ഞൻ കളർ മുട്ടകൾ. കുരിശിലേറ്റപ്പെടുമ്പോൾ പൊടിഞ്ഞ തിരുരക്തത്തിൻ്റെ സൂചകമായി മുട്ടകൾക്ക് ചുവന്ന നിറം നൽകിയിരുന്നു പുരാതനകാലത്ത്.
ആട്ടിൻകുട്ടിയുടെ ഇറച്ചി വിരുന്നിൽ ഉൾപ്പെടുത്തിയിരുന്നൊരു പാരമ്പര്യവും നിലനിന്നിരുന്നു. മനുഷ്യരാശിയുടെ പാപങ്ങളേറ്റുവാങ്ങിയ ക്രിസ്തുവിനെ സൂചിപ്പിക്കുന്നതാണ് പുതിയനിമത്തിൽ പറയുന്ന പാസ്ചൽ കുഞ്ഞാട്. അതിനാൽ ഈസ്റ്ററിന് ആട്ടിറച്ചി ഭക്ഷിരുന്നു. നാടും സംസ്കാരവും മാറുന്നതിനനുസരിച്ച് ഇതിലെല്ലാം മാറ്റങ്ങൾ സംഭവിക്കുന്നു..
എല്ലാ വായനക്കാർക്കും സഹ്യ ന്യൂസിൻ്റെ ഈസ്റ്റർ ആശംസകൾ…