ലഹരി കേസില്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യ0

0

എറണാകുളം: ലഹരി  ഉപയോഗിച്ചെന്ന കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ജാമ്യത്തില്‍ പുറത്തിറങ്ങി. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാതാപിതാക്കളുടെ ജാമ്യത്തിലാണ് നടനെ വിട്ടയച്ചത്.

പുറത്തിറങ്ങിയ ഷൈന്‍ മാധ്യമങ്ങള്‍ മുഖം കൊടുക്കാതെ തിരികെ പോവുകയായിരുന്നു. ലഹരി മരുന്നിന്റെ ഉപയോഗം എന്‍ഡിപിഎസ് നിയമത്തിന്റെ വകുപ്പ് 27 പ്രകാരം കുറ്റകരമാണ്. ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമാണെന്ന് സെക്ഷന്‍ 29 വ്യവസ്ഥ ചെയ്യുന്നു.

അതേസമയം, ഷൈന്റെ മൊഴികള്‍ വീണ്ടും പൊലീസ് പരിശോധിക്കും. മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ ആവശ്യമെങ്കില്‍ പൊലീസ് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കും. ലഹരി ഉപയോഗത്തെ തുടര്‍ന്ന് താന്‍ നേരത്തെ ഡീ- അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിരുന്നതായി നടന്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞതായാണ് വിവരം. കഴിഞ്ഞ വര്‍ഷം അച്ഛന്‍ ഇടപെട്ടാണ് കൂത്താട്ടുകുളത്തെ ഡീ-അഡിക്ഷന്‍ സെന്ററിലാക്കിയത്. 12 ദിവസത്തിന് ശേഷം അവിടെനിന്ന് മടങ്ങിയെന്നും നടന്‍ പൊലീസിനോട് പറഞ്ഞു.

ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍, താന്‍ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ശനിയാഴ്ച പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് ലഹരി ഉപയോഗം നടന്‍ സമ്മതിച്ചത്. രാസലഹരിയായ മെത്താംഫെറ്റമിനും കഞ്ചാവും താന്‍ ഉപയോഗിക്കാറുണ്ടെന്നാണ് നടന്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍, ഹോട്ടലില്‍ പൊലീസ് സംഘം എത്തിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നും തന്റെ കൈവശം ലഹരി പദാര്‍ഥങ്ങള്‍ ഉണ്ടായിരുന്നില്ലെന്നുമാണ് നടന്‍റെ മൊഴി.

ഷൈനിനെതിരെ ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമാണ് കേസ്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാം. കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ലഹരിമരുന്ന് എത്തിച്ചുനൽകുന്നത് സിനിമയിലെ അസിസ്റ്റന്റുമാരാണെന്നും ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്ലീമയെ അറിയാമെന്നും ഷൈൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ലഹരിമരുന്ന് ഇടപാടുകാരൻ സജീറിനെ അറിയാമെന്നു ഷൈൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം. ഷൈനിന്റെ ഫോണിൽ‌നിന്ന് ലഹരിമരുന്ന് ഇടപാടുകാരുമായുള്ള ബന്ധത്തെപ്പറ്റി സൂചന ലഭിച്ചെന്നും വിവരമുണ്ട്.

പൊലീസും ഡാൻസാഫ് സംഘവും പരിശോധനയ്ക്കെത്തിയപ്പോൾ ഷൈൻ ഹോട്ടൽമുറിയിൽനിന്ന് ഇറങ്ങിയോടിയിരുന്നു. തുടർന്ന് പൊലീസ് ഷൈനിനെ ചോദ്യംചെയ്യാൻ ഇന്നു വിളിപ്പിക്കുകയായിരുന്നു. അറസ്റ്റിനുശേഷം ഷൈനിനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഉമീനീർ, മുടി, നഖം, രക്തം, മൂത്രം എന്നിവയുടെ സാംപിളുകൾ ഷൈനിൽനിന്ന് ശേഖരിച്ചു. ഈ സാംപിളുകൾ തിരുവനന്തപുരത്തെ ലാബിൽ പരിശോധിക്കും. സെന്‍ട്രൽ എസിപി സി ജയകുമാർ, നാർക്കോട്ടിക് എസിപി കെ എ അബ്ദുൾ സലാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *