അടൽ സേതുവിൽ നിന്ന് ഗേറ്റ്‌വേ ഓഫ് ഇന്ത്യ വരെ നീന്തി ഡോംബിവ്‌ലിയിലെ 7 വയസ്സുകാരൻ

മുംബൈ : ഡോംബിവ്‌ലി വെസ്റ്റ് കുംബർഖാൻപാഡ നിവാസിയും ബ്ലോസ്സം സ്‌കൂൾ വിദ്യാർത്ഥിയുമായ സംഘർഷ് നീലേഷ് നികം എന്ന ഏഴുവയസ്സുകാരൻ്റെ സാഹസിക നീന്തലിന് അഭിനന്ദനപ്രവാഹം.
അടൽ സേതുവിൽ നിന്ന് ഗേറ്റ്‌വേ ഓഫ് ഇന്ത്യവരെ 17 കിലോമീറ്റർ ദൂരം നിർത്താതെ നീന്തിയാണ് സംഘർഷ് താരമായത്. ഏപ്രിൽ 18 ന് പുലർച്ചെ .3.45ന് നീന്തൽ ആരംഭിച്ച സംഘർഷ് ഗേറ്റ്‌വേയിൽ എത്തിയത് രാവിലെ 6.56 നാണ് . മഹാരാഷ്ട്ര അമേച്വർ സ്വിമ്മിങ് അസ്സോസിയേഷന് നേതൃത്തം വഹിക്കുന്ന ഹിരൻ റാൻപുരയുടെ മേൽനോട്ടത്തിലാണ് സംഘർഷിൻ്റെ സാഹസിക നീന്തൽ നടന്നത്.
കനത്ത ഒഴുക്കും ഇരുട്ടും സൃഷ്ട്ടിച്ച പ്രതിസന്ധികളെയൊക്കെ മറികടന്നുകൊണ്ടാണ് വിജയകരമായി ഈ 7 ഏഴുവയസ്സുകാരൻ അറബിക്കടലിലൂടെ നീന്തി തൻ്റെ ലക്‌ഷ്യം കണ്ടെത്തിയത്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ ഹർഷാരവങ്ങളോടെ സംഘർഷിനെ സ്വീകരിക്കാൻ പരിശീലകരായ വിലാസ് മാനെ ,രവി നവാലെ ,അരുൺ ,സന്തോഷ് പാട്ടീൽ സംഘർഷിന്റെ മാതാപിതാക്കൾ തുടങ്ങിയവരുണ്ടായിരുന്നു.
ഡോംബിവ്‌ലി ഈസ്റ്റിലുള്ള ‘യാഷ് ജിംഖാന ‘യിൽ നിന്നും സംഘർഷ് നീന്തൽ പരിശീലനം നേടിയിട്ട് മൂന്നുമാസമേ ആയുള്ളൂ .അതിനിടയിലാണ് കടലിൽ നീന്തണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത്.
പരിശീലകൻ സന്തോഷ് പാട്ടീൽ നവിമുംബൈയിലെ ഉറാനിലുള്ള കടലിൽ കൊണ്ടുപോയി രണ്ടു ദിവസത്തെ പ്രത്യേക പരിശീലനം നൽകുന്നു .അതിനു ശേഷമാണ് തികഞ്ഞ ആത്മവിശ്വാസത്തോടെ സംഘർഷ് തൻ്റെ സാഹസിക നീന്തലിനായി ഒരുങ്ങുന്നത്.