ഇഗ്‌നോ പ്രൊഫസറെ മർദിച്ച കേസിൽ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർക്കെതിരെ FIR

ജമ്മു കശ്‌മീർ: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ (ഇഗ്‌നോ) അസിസ്റ്റൻ്റ് പ്രൊഫസറെ മർദിച്ച കേസിൽ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ആർ രജിസ്റ്റർ ചെയ്‌തു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ജമ്മു കശ്‌മീരിലെ രജൗരി ജില്ലയിലെ ലാം ഗ്രാമത്തിൽ വച്ച് ഇന്ത്യൻ സൈനികർ കോജജ് അധ്യാപകൻ ചൗധരിയെ മർദ്ദിച്ചു എന്നതാണ് പരാതി.
സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയും സൈനിക ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് കണ്ടെത്തുകയുമായിരുന്നു. ചൗധരിയുടെ പരാതിയെ തുടർന്ന് സൈനികർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് ഇടിവി ഭാരതിനോട് പറഞ്ഞു. സെക്ഷൻ 115 ക്ലോസ് (2), 126 (2) പ്രകാരമാണ് കേസ് ഫയൽ ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.
സഹോദരിയുടെ വിവാഹത്തിനു വേണ്ട ഫർണിച്ചറുകള്‍ വാങ്ങാൻ ബന്ധുക്കളുമായി പോകുമ്പോള്‍ വാഹനം തടഞ്ഞു നിർത്തി സൈനികർ റൈഫിൾ കൊണ്ട് തലയിൽ മർദിക്കുകയായിരുന്നുവെന്ന് അധ്യാപകൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വാഹനം തഞ്ഞത് ചോദ്യം ചെയ്‌തതാണ് പ്രകോപനത്തിന് കാരണമായത്. സംഭവത്തിൻ്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഉദ്യോഗസ്ഥർ ഐഡി കാർഡ് ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നു. യാതൊരു കാരണവുമില്ലാതെയാണ് സൈന്യം മർദിച്ചതെന്നും പൊലീസ് സ്ഥലത്തെത്തിയാണ് തന്നെ രക്ഷിച്ചതെന്നും അധ്യാപകൻ പറഞ്ഞു.
സംഭവത്തിൽ മുൻ മുഖ്യമന്ത്രിയും പിഡിപി പ്രസിഡൻ്റുമായ മെഹബൂബ മുഫ്‌തി സൈനിക നടപടിയെ അപലപിച്ചു. സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരോട് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടതോടെയാണ് വാർത്ത കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ ആർമി അറിയിച്ചു.