തമിഴ്‌നാട് എന്നും ഡൽഹിയുടെ നിയന്ത്രണത്തിന് പുറത്തായിരിക്കുമെന്ന് സ്റ്റാലിന്‍

തിരുവള്ളൂർ: തമിഴ്‌നാട് ഒരിക്കലും ബിജെപിക്ക് വഴിപ്പെടാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തമിഴ്‌നാട് എന്നും ഡൽഹിയുടെ നിയന്ത്രണത്തിന് പുറത്തായിരിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അമിത് ഷായെ സ്റ്റാലിന്‍ വെല്ലുവിളിച്ചു. തിരുവള്ളൂർ ജില്ലയിലെ പൊന്നേരിയിൽ ഒരു സർക്കാർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു എം കെ സ്‌റ്റാലിന്‍.
‘2026 ൽ എഐഎഡിഎംകെയുമായി ചേര്‍ന്ന് ബിജെപി തമിഴ്‌നാട്ടില്‍ സർക്കാർ രൂപീകരിക്കുമെന്നാണ് അമിത് ഷാ പാർലമെന്‍റിൽ പറഞ്ഞത്. അദ്ദേഹം തമിഴ്‌നാട്ടിലും വന്ന് ഇതേ കാര്യം പറഞ്ഞു പോയി. അതിൽ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കാൻ ആഗ്രഹിക്കുന്നു’- സ്റ്റാലിൻ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ ഉത്തരവാദിത്തമുള്ള പ്രതിപക്ഷമാകുന്നതിനുപകരം ശത്രു പാർട്ടികളായി പ്രവർത്തിക്കുകയാണെന്ന്. തമിഴ്‌നാടിനെ വഞ്ചിക്കുന്ന ഒരു ഗ്രൂപ്പുമായി ബന്ധം പുലർത്തുന്നതിലൂടെ എഐഎഡിഎംകെ തമിഴ്‌നാടിന്‍റെ താത്പര്യങ്ങളുമായി വിട്ടുവീഴ്‌ച ചെയ്യുകയാണ്.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും വേണ്ടി തമിഴ്‌നാട് പോരാടുകയാണ്. ഗവർണർക്കെതിരായ സുപ്രീം കോടതിയുടെ സമീപകാല വിധി ഡിഎംകെയുടെ ശക്തി പ്രകടമാക്കി എന്നും സ്റ്റാലിന്‍ പറഞ്ഞു.
ഇവിടുത്തെ ചില നേതാക്കളെ ഭീഷണിപ്പെടുത്തിയും സഖ്യം രൂപീകരിച്ചും നിങ്ങൾക്ക് വിജയിക്കാനാകുമോ എന്ന് സ്റ്റാലിന്‍ ചോദിച്ചു. നിങ്ങളുടെ എല്ലാ നേതാക്കളെയും ഒരുമിച്ച് കൊണ്ടുവന്നാലും അത് നടക്കില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.