വി ഡി സതീശൻ്റെ പ്രസ്താവനയ്ക്കെതിരെ വഖഫ് ബോർഡ്

എറണാകുളം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലിംലീഗ് നേതാക്കൾ ഉൾപ്പെട്ട വഖഫ് ബോർഡ് രംഗത്തെത്തി. സ്റ്റാറ്റ്യൂട്ടറി ബോഡിയായ കേരള സംസ്ഥാന വഖഫ് ബോർഡിനെതിരെ മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ നിരർഥകമായ പ്രസ്താവന പ്രതിഷേധാർഹമാണെന്നും അത് തിരുത്തപ്പെടേണ്ടതാണെന്നും ബോർഡ് ചെയർമാൻ അഡ്വ.എം.കെ സക്കീറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗം അഭിപ്രായപ്പെട്ടു.
മുനമ്പത്തെ തർക്ക ഭൂമി വഖഫ് ആണെന്ന് വ്യക്തമായ ആധാരവും കോടതി വിധികളും നിലനിൽക്കെ ഫറൂഖ് കോളജ് മാനേജിങ് കമ്മിറ്റി ഫയൽ ചെയ്ത അപ്പീലിൽ ബോർഡ് സ്വീകരിച്ച നിയമപരമായ നടപടികളെ ഗൂഢാലോചനയെന്ന് വ്യാഖ്യാനിച്ച് നടത്തിയ നിരുത്തരവാദപരമായ പ്രസ്താവന പിൻവലിക്കണമെന്നും ബോർഡ് യോഗം ആവശ്യപ്പെട്ടു.ബോർഡ് യോഗത്തിൽ മെമ്പർമാരായ പി. ഉബൈദുള്ള എം.എൽ.എ, അഡ്വ.എം ഷറഫുദ്ദീൻ, എം.സി മായിൻ ഹാജി, അഡ്വ.പി.വി സൈനുദ്ദീൻ, പ്രൊഫ.കെ.എം. അബ്ദുൾ റഹിം, റസിയ ഇബ്രാഹിം, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ഇൻ-ചാർജ് എ. ഹബീബ് എന്നിവർ സംബന്ധിച്ചു.