വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജി: സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീംകോടതി ഇന്ന് (ഏപ്രില്‍ 17) വീണ്ടും വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുക. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹര്‍ജികള്‍ പരിഗണിക്കും.
വഖഫ് സംബന്ധിച്ച് സുപ്രീംകോടതിക്ക് ലഭിച്ച ഹര്‍ജികള്‍ കോടതി ഇന്നലെ പരിഗണിച്ചിരുന്നു. മൂന്ന് പ്രധാന വ്യവസ്ഥകൾ മരവിപ്പിച്ച് നിർണായക ഉത്തരവിറക്കുമെന്ന സൂചനയാണ് ഇന്നലെ സുപ്രീംകോടതി നല്‍കിയത്.
നിലവിലെ വഖഫ് ഭൂമി വഖഫ് അല്ലാതാക്കരുത് എന്നതടക്കമുള്ള നിർദേശങ്ങൾ ഇന്നലെ (ഏപ്രില്‍ 16) സുപ്രീംകോടതി തയ്യാറാക്കിയിരുന്നു. വഖഫ് കൗൺസിലിൽ എക്‌സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്‌ലീങ്ങൾ തന്നെയാകണമെന്നും കോടതി നിലപാടെടുത്തു. മുസ്‌ലിങ്ങളെ ഹിന്ദു ട്രസ്റ്റുകളുടെ ഭാഗമാക്കാൻ അനുവദിക്കുമോ എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.വഖഫ് സ്വത്തുക്കളുടെ അവകാശത്തില്‍ കലക്‌ടർമാർ അന്വേഷണം ആരംഭിക്കുന്നത് മുതല്‍ അത് വഖഫ് സ്വത്ത് അല്ലാതാകും എന്ന കേന്ദ്ര വ്യവസ്ഥയേയും സുപ്രീംകോടതി എതിർത്തിരുന്നു. അന്വേഷണം വഖഫ് സ്വത്ത് സംബന്ധിച്ച കേസിൽ അന്തിമ തീർപ്പ് വരുന്നത് വരെ മാറ്റാനാവില്ല എന്നാണ് കോടതി നിരീക്ഷണം. കേന്ദ്രത്തിന്‍റെ അഭ്യർഥന മാനിച്ചാണ് ഇടക്കാല ഉത്തരവിനുള്ള വാദം ഇന്നത്തേക്ക് മാറ്റിയത്.