ഔദ്യോഗിക രേഖകളിൽ മാതൃഭാഷയിൽ തന്നെ ഒപ്പ് ഇടണമെന്ന് കർശനമായി നിർദേശിച്ച് തമിഴ്നാട്

0

ചെന്നൈ : സർക്കാർ ജീവനക്കാർ ഔദ്യോഗിക രേഖകളിൽ മാതൃഭാഷയിൽ തന്നെ ഒപ്പ് ഇടണമെന്ന് കർശനമായി നിർദേശിച്ച് തമിഴ്നാട്. സർക്കാർ പ്രവർത്തനങ്ങളിൽ തമിഴ ഭാഷയുടെ ഉപയോഗം ശക്തിപ്പെടുത്തുന്നതിനായാണ് ഇത്തരമൊരു നീക്കം. വാണിജ്യ സ്ഥാപനങ്ങൾ, റസ്റ്റോറൻ്റുകൾ, കടകൾ, ഷോപ്പിംഗ് മാളുകൾ എന്നിവയുടെ നെയിംപ്ലേറ്റുകൾ തമിഴിൽ ആയിരിക്കണമെന്ന് സർക്കാർ ഇതിനകം ഉത്തരവിട്ടിട്ടുണ്ട്, അല്ലാത്തപക്ഷം പിഴ ചുമത്തും.

സർക്കാർ ഉത്തരവുകൾ, സർക്കുലറുകൾ, കത്തുകൾ എന്നിവയുൾപ്പെടെ എല്ലാ ഔദ്യോഗിക കത്തിടപാടുകളും തമിഴിൽ തന്നെ ആയിരിക്കണമെന്നാണ് സർക്കാർ പുതിയതായി മുന്നോട്ടുവച്ച നിർദേശം. തമിഴ് നേതാക്കൾ തമിഴിൽ ഒപ്പിടാത്തത് എന്തെന്ന് പ്രധാനമന്ത്രി സംശയം പ്രകടിപ്പിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് നടപടി.

ജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ തടസ്സമില്ലാതെ പ്രകടിപ്പിക്കാൻ അനുവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് തമിഴ് ഔദ്യോഗിക ഭാഷാ നിയമം കൊണ്ടുവന്നത്. ഈ നിയമം 1956-ൽ നടപ്പിലാക്കുകയും 1957 ജനുവരിയിൽ തമിഴ്‌നാട് ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഭരണപരമായ പ്രവർത്തനങ്ങളിൽ തമിഴ് ഉൾപ്പെടുത്താത്തതിനെക്കുറിച്ചുള്ള ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന്, തമിഴ് ഔദ്യോഗിക ഭാഷാ നിയമം നടപ്പിലാക്കാനും സർക്കാർ ഓഫിസുകളിലെ എല്ലാ നടപടികളിലും തമിഴ് ഉപയോഗിക്കാനും തമിഴ് വികസന, വിവര വകുപ്പ് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. അതായത്, സർക്കാർ ഉത്തരവുകളും സർക്കുലറുകളും തമിഴിൽ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നാണ് ഉത്തരവ്.വകുപ്പ് ആസ്ഥാനത്ത് നിന്ന് സർക്കാരിലേക്കും മറ്റ് ഓഫിസുകളിലേക്കും അയയ്ക്കുന്ന കത്തുകൾ, ഔദ്യോഗിക ഉത്തരവുകൾ, എല്ലാ കത്തിടപാടുകളും തമിഴിൽ ആയിരിക്കണമെന്ന് തമിഴ് വികസന, വിവര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പൊതു കത്തുകൾക്കും നിവേദനങ്ങൾക്കുമുള്ള എല്ലാ മറുപടികളും തമിഴിൽ മാത്രമേ എഴുതാവൂ എന്നും വ്യക്തമാക്കുന്നു.

ഇംഗ്ലീഷിലോ മറ്റ് ഭാഷകളിലോ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ തമിഴിൽ പ്രസിദ്ധീകരിക്കുന്നതിനായി തമിഴ് വികസന, വിവര വകുപ്പിൻ്റെ വിവർത്തന വിഭാഗത്തിലേക്ക് അയയ്ക്കുകയോ അല്ലെങ്കിൽ അതത് വകുപ്പുകൾ അവ തമിഴിലേക്ക് വിവർത്തനം ചെയ്യുകയോ ചെയ്യണമെന്ന് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *