“സിനിമ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറി” ; നടി വിൻസിഅലോഷ്യസ്

ലഹരി ഉപയോഗിക്കുന്നവർക്ക് ഒപ്പം അഭിനയിക്കില്ല എന്ന പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കി നടി വിൻസി അലോഷ്യസ്. സിനിമ ചിത്രീകരണത്തിനിടെ നടൻ തന്നോട് മോശമായി പെരുമാറി. സഹപ്രവർത്തകർ പറഞ്ഞതിനാലാണ് സിനിമ പൂർത്തിയാക്കിയത്. ഈ നടൻ സിനിമ സെറ്റിൽ ലഹരി ഉപയോഗിക്കുന്നതായി തനിക്ക് ബോധ്യമുണ്ട്. ഇൻസ്റ്റാഗ്രാം വിഡിയോയിലൂടെയാണ് നടി വിവരം പങ്കുവച്ചത്.
വെള്ളപൊടി തുപ്പുന്നത് കണ്ടു. ഇതുകൊണ്ടാണ് താൻ ലഹരി ഉപയോഗിക്കുന്നവരുടെ കൂടെ അഭിനയിക്കില്ല എന്ന് തീരുമാനിച്ചതെന്നും വിൻ സി വ്യക്തമാക്കി. സംവിധായകൻ ഉൾപ്പടെയുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അവർ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് താൻ ആ സെറ്റിൽ പിന്നീട് തുടർന്നതെന്നും വിൻ സി പറയുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലഹരി വിരുദ്ധ ക്യാംപെയിൻ മുൻനിർത്തിക്കൊണ്ട് നടത്തിയ ഒരു പരിപാടിയിൽ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടെ ഒരു പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്റെ അറിവിൽ ലഹരി ഉപയോഗിക്കുന്നവരുമായി ഞാൻ ഇനി സിനിമ ചെയ്യില്ലെന്നായിരുന്നു ആ പ്രസ്താവന. ഇത് മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു. എന്നാൽ ആ വാർത്തകളുടെ കമന്റുകൾ വായിച്ചപ്പോഴാണ് ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തീരുമാനിച്ചത്. എന്തുകൊണ്ട് ഞാനാ പ്രസ്താവന നടത്തിയെന്നും എന്റെ നിലപാടുകൾ വ്യക്തമാക്കണമെന്നുമുള്ള തോന്നലിന്റെ പുറത്താണ് ഈ വീഡിയോ ചെയ്യുന്നത്.
പലതരം കാഴ്ചപ്പാടാണ് ആളുകൾക്കുള്ളതെന്ന് കമന്റുകൾ വായിച്ചപ്പോഴാണ് മനസിലായത്. വ്യക്തമായി അതിന്റെ കാരണം പറഞ്ഞാൽ ആളുകൾക്ക് പല കഥകൾ ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ. ഞാനൊരു സിനിമയുടെ ഭാഗമായപ്പോൾ ആ സിനിമയിലെ പ്രധാന താരത്തിൽ നിന്ന് നേരിടേണ്ടിവന്ന അനുഭവമാണ് ആ പ്രസ്താവനക്ക് കാരണം. അയാൾ ലഹരി ഉപയോഗിച്ച് മോശമായ രീതിയിൽ പറഞ്ഞാലും മനസിലാവാത്ത രീതിയിൽ എന്നോടും എന്റെ സഹപ്രവർത്തകയോടും പെരുമാറി. എന്റെ ഡ്രസ്സിൽ ഒരു പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ, ‘ഞാനും വരാം, ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം’ എന്നൊക്കെ എല്ലാവരുടേയും മുന്നിൽവെച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റമുണ്ടായി. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു.