ജനങ്ങൾ നിയമ പോരാട്ടം തുടരേണ്ടി വരുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരണ്‍ റിജിജു

എറണാകുളം: മുനമ്പത്തെ ജനങ്ങൾ ഭൂമി പ്രശ്‌നത്തിൽ നിയമ പോരാട്ടം തുടരേണ്ടി വരുമെന്ന് സൂചിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജു. വഖഫ് നിയമ ഭേദഗതിയെ കുറിച്ച് എറണാകുളത്ത് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വഖഫ് ട്രിബ്യൂണൽ വിധി എതിരായാലും ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിക്കാം. നിയമ ഭേദഗതി മുനമ്പത്തെ ജനതയ്ക്ക് ഗുണം ചെയ്യും.
മുനമ്പത്തേത് സെറ്റ് ചെയ്ത കേസ് അല്ലെന്ന് മന്ത്രി വിശദീകരിച്ചു. മുസ്‍ലിംകളെ ലക്ഷ്യമാക്കിയല്ല നിയമം കൊണ്ട് വന്നത്. ഏകപക്ഷീയമായി ആരും ആരുടെയുടെയും ഭൂമി ഏറ്റെടുക്കാതിരിക്കാനാണ് നിയമ ഭേദഗതി കൊണ്ടു വന്നത്. കഴിഞ്ഞ കാലത്തെ അനീതിക്കെതിരാണ് നിയമമെന്നും കേന്ദ്ര സർക്കാർ മുസ്‍ലിംകൾക്ക് എതിരല്ലന്നും മന്ത്രി വ്യക്തമാക്കി. വഖഫ് സ്വത്തിൻ്റെ ഗുണഫലം ഭൂരിപക്ഷം മുസ്‍ലിംകൾക്ക് ലഭിക്കുന്നില്ല
രാജീവ് ചന്ദ്രശേഖറാണ് മുനമ്പം കേസ് ശ്രദ്ധയിൽപ്പെടുത്തിയത്. വഖഫ് നിയമം ഭേദഗതി ചെയ്തതോടെ ഭാവിയിൽ മുനമ്പം പോലെ സംഭവങ്ങൾ ഉണ്ടാകില്ല. സ്വത്ത് വഖഫ് ചെയ്യുന്നത് വാക്കാൽ പ്രഖ്യാപിച്ചാൽ പോര.
രേഖകൾ ഉണ്ടായെങ്കിൽ മാത്രമേ വഖഫ് ആയി പ്രഖ്യാപിക്കാൻ കഴിയുകയുള്ളൂ. പരാതി ഉയർന്നാൽ കലക്ടർ തന്നെയാണ് വഖഫ് സ്വത്ത് പരിശോധിക്കേണ്ടത്. കലക്ടർ ആരുടെയും ഒപ്പമല്ല. സർവേ കമ്മിഷൻ, മുത്തവല്ലി എന്നിവർ ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ്. അതിനാൽ സർവേ കമ്മിഷനെ സ്വത്ത് പരിശോധിക്കാൻ ചുമതലപ്പെടുത്താൻ കഴിയില്ല. വിഷയം മുസ്‍ലിംകൾ തമ്മിലാണെങ്കിൽ ബോർഡിൽ മുസ്‍ലിംകൾ തന്നെ ആകാം. എന്നാൽ തർക്കങ്ങൾ മറ്റുള്ള വിഭാഗത്തിൽ ഉള്ള വരുണ്ട്. അതിനാലാണ് മറ്റു വിഭാഗക്കാരെ ബോർഡിൽ ഉൾപ്പെടുത്തിയത്
മുനമ്പത്തെ ഭൂമി കൈമാറ്റം നടത്തിയിട്ടുണ്ട്. വഖഫ് ഭൂമി കൈമാറ്റം ചെയ്യാൻ കഴിയില്ല. സംസ്ഥാന സർക്കാർ ജില്ല കലക്ടറെ മുനമ്പത്തേയ്ക്ക് പരിശോധനയ്ക്ക് അയക്കണം. രേഖകൾ കലക്ടർ പരിശോധിക്കണം.
മുനമ്പത്തെ ജനങ്ങളുടെ ദുരിതം കേരളത്തിലെ എംപിമാർ കാണണം വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കരുത്. മുനമ്പം പരിഹരിക്കാമെന്ന് എംപിമാർ പറഞ്ഞു. എന്നിട്ട് പരിഹരിച്ചോ? മുസ്‍ലിംകൾ കമ്മൂണിസ്റ്റിൻ്റെയോ കോൺഗ്രസിൻ്റെയോ വോട്ടു ബാങ്ക് ആകരുത്. ബിജെപിയുടെ പേര് പറഞ്ഞ് ഭയപ്പെടുത്താൻ ശ്രമിക്കുന്നു. വിദ്യാഭ്യാസമുള്ള മലയാളികളെ എത്ര നാൾ തെറ്റിദ്ധരിപ്പിക്കാൻ കഴിയുമെന്നും കിരൺ റിജിജു ചോദിച്ചു. മുനമ്പത്ത് കാർക്ക് നീതി കിട്ടും വരെ ഒപ്പം ഉണ്ടാകും. ട്രൈബ്യൂണൽ പുനഃസംഘടിപ്പിക്കും എങ്ങനെയാണ് പുതിയ നിയമം മുനമ്പത്തുക്കാരെ സഹായിക്കുകയെന്ന ചോദ്യത്തിന് നിയമത്തിലെ വ്യവസ്ഥകൾ അനുകൂലമെന്ന് മാത്രമാണ് മന്ത്രി പറഞ്ഞത്.
ചർച്ച് നിയമം നടപ്പിലാക്കാനുളള നിർദേശം സർക്കാരിന് മുന്നിലില്ലന്നും കിരൺ റിജിജു വ്യക്തമാക്കി എല്ലാവരെയുo ഭിക്ഷക്കാരാക്കാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുന്നതെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു.എല്ലാവരിലും വിഷം കുത്തിവയ്ക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു.
ഹജ്ജ് ക്വാട്ട ഇന്ത്യയ്ക്ക് മാത്രം കുറച്ചതല്ല. മറ്റ് രാജ്യങ്ങളുടെ ക്വാട്ടയും കുറച്ചിട്ടുണ്ട്. റദ്ദാക്കിയ പതിനായിരം സീറ്റ് പുനഃസ്ഥാപിച്ചു.സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ സമയത്ത് ഫീസ് അടയ്ക്കാതിരുന്നതിനെ തുടർന്നായിരുന്നു സീറ്റ് റദ്ദായതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.