ഡ്രൈവറില്ലാതെ ട്രെയിൻ ഓടിയത് 70 കിലോമീറ്ററോളം ദൂരം: ഒഴിവായത് വൻ ദുരന്തം
ദില്ലി: ജമ്മുകശ്മീരിലെ കത്വ മുതല്‍ പഞ്ചാബിലെ മുഖേരിയാൻ വരെ ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടി. 53 വാഗണുകള്‍ ഉള്ള ചരക്ക് ട്രെയിനാണ് എഴുപത് കിലോമീറ്ററിലതികം ദൂരം അതീവ വേഗത്തില്‍ ഒറ്റക്ക് ഓടിയത്. ഗുരുതര വീഴ്ചയെ കുറിച്ച് അന്വേഷിക്കാൻ റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടു.
ജമ്മുവിലെ കത്വ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിന്‍ ലോക്കോ പൈലറ്റ് ഇല്ലാതിരിക്കെ പഞ്ചാബ് ഭാഗത്തേക്ക് തനിയെ ഓടുകയായിരുന്നു. എഴുപത് കിലോമീറ്റർ ദൂരയുള്ള പഞ്ചാബിലെ ഊഞ്ചി ബസ്സി എന്ന സ്ഥലത്ത് വച്ചാണ് ചരക്ക് ട്രെയിന്‍ നിർത്താനായത്. 53 വാഗണുകള്‍ ഉള്ള ചരക്ക് ട്രെയിന്‍ അതീവ വേഗത്തില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പഞ്ചാബ് ഭാഗത്തേക്കുള്ള ഭൂമിയുടെ ചരിവാണ് ട്രെയിൻ തനിയെ നീങ്ങാൻ കാരണമെന്നാണ് പുറത്ത് വരുന്ന സൂചന. ട്രെയിന്‍ ഒറ്റക്ക് സഞ്ചരിച്ചതില്‍ ഇതുവരെ എന്തെങ്കിലും അപകടമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.
ട്രെയിൻ തനിയെ ഓടിയത് വലിയ ആശങ്കക്കാണ് വഴിവെച്ചത്. മണിക്കൂറില്‍ എണ്‍പതില്‍ അധികം കിലോ മീറ്റർ വേഗം ട്രെയിനിനുണ്ടായിരുന്നു. വിവരം ലഭിച്ച സാഹചര്യത്തില്‍ ട്രെയിൻ നിര്‍ത്താൻ റിക്കവറി എഞ്ചിൻ അയച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ചായ കുടിക്കാൻ പുറത്തിറങ്ങിയ ലോക്കോ പൈലറ്റ് ബ്രെയ്ക്ക് ഉപയോഗിക്കാത്താണ് ട്രെയിന്‍ തനിയെ ഓടാൻ കാരണമെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.