അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണ0 : രണ്ട് മരണം

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് മരണം. വാഴച്ചാൽ സ്വദേശികളായ അംബിക, സതീഷ് എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം വഞ്ചിക്കടവിലാണ് സംഭവം.
ഇന്നലെ വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ സംഘമാണ് കാട്ടാന ആക്രമണത്തിന് ഇരയായത്. രാത്രി ഏഴ് മണിയോടെയാണ് കാട്ടാന ആക്രമണമുണ്ടായത്. വനവിഭവങ്ങള്‍ ശേഖരിച്ച സംഘം കാടിനുള്ളില്‍ കുടില്‍ കെട്ടി വിശ്രമിക്കുമ്പോഴാണ് കാട്ടാന പാഞ്ഞടുത്തത്.കാട്ടാന വരുന്നത് കണ്ട സംഘം ചിതറിയോടി. എന്നാല്‍ സതീഷും അംബികയും കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട മറ്റുള്ളവരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി. അതിരിപ്പിള്ളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ മരണ കാരണം വ്യക്തമാക്കാനാകൂവെന്ന് വനം വകുപ്പ് പറഞ്ഞു.
കഴിഞ്ഞ ദിവസവും അതിരപ്പിള്ളിയിൽ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. കാട്ടാന ആക്രമണത്തിൽ യുവാവാണ് കൊല്ലപ്പെട്ടത്. അടിച്ചിൽതൊട്ടി ഉന്നതിയിലെ സെബാസ്റ്റ്യനാണ് (20) മരിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും കാട്ടാന രണ്ട് പേരുടെ കൂടി ജീവനെടുത്തത്