കളിപ്പാട്ട വിപണിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണാവസരം

യുഎസിലേക്കുള്ള ഇറക്കുമതിക്ക് പകരച്ചുങ്കം ഏര്‍പ്പെട്ടുത്തി ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച വ്യാപാര യുദ്ധം ആഗോള വിപണിയെ ഉടച്ചുവാര്‍ത്തേക്കുമെന്ന് വിലയിരുത്തല്‍. യുഎസിലേക്കുള്ള കയറ്റുമതിയില്‍ പല രാജ്യങ്ങള്‍ക്കും ചെലവേറുമെങ്കിലും കളിപ്പാട്ട വിപണിയില്‍ ഉള്‍പ്പെടെ ഇന്ത്യപോലുള്ള രാജ്യങ്ങള്‍ക്ക് ട്രംപ് തുറന്നു നല്‍കുന്നത് സുവര്‍ണാവസരമാണെന്നാണ് വിലയിരുത്തല്‍.
ആഗോള കളിപ്പാട്ട വിപണി ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ചൈനീസ് ഉത്പന്നങ്ങളാണ്. എന്നാല്‍ കളിപ്പാട്ടങ്ങള്‍ക്ക് ഉള്‍പ്പെടെ 145 ശതമാനം തീരുവയാണ് നിലവില്‍ യുഎസ് ചുമത്തിയിരിക്കുന്നത്. ഈ തീരുവ തുടരുന്ന നിലയുണ്ടായാല്‍ ആഗോള കളിപ്പാട്ട വിപണിയുടെ രൂപം തന്നെ മാറിയേക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
യുഎസ് കളിപ്പാട്ട വിപണിയുടെ 77 ശതമാനവും കയ്യാളുന്നത് ചൈനീസ് ഉത്പന്നങ്ങളാണ്. പുതിയ നികുതി നിരക്കുകളുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള കയറ്റുമതി ഗണ്യമായി കുറയാനിടയാക്കും. ഈ സാഹചര്യം ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ വിപണിയിലെ ഡിമാന്‍ഡ് പൂര്‍ത്തീകരിക്കാന്‍ വേണ്ട ഉത്പാദനം യുഎസില്‍ ഇല്ലെന്നതാണ് മറ്റൊരു വസ്തുത. ഈ ഇടത്തിലേക്ക് ഇന്ത്യ കടന്നുവന്നാല്‍ കളിപ്പാട്ട വിപണിയില്‍ രാജ്യത്തിന് വലിയ മുന്നേറ്റം നേടാന്‍ കഴിയുമെന്ന് ടോയ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു.