ട്രംപിന്‍റെ വ്യാപാര യുദ്ധം കരകയറുന്ന ശ്രീലങ്കയ്ക്ക് വൻ തിരിച്ചടിയാകുമെന്ന് IMF

കൊളംബോ: ട്രംപ് തുടങ്ങിവച്ച ‘വ്യാപാര യുദ്ധം’ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന ശ്രീലങ്കയ്ക്ക് വന്‍ ആഘാതമേല്‍പ്പിക്കുമെന്ന് ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (IMF). നിലവിലെ സാഹചര്യം ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയില്‍ അനിശ്ചിതത്വം സൃഷ്‌ടിക്കുമെന്ന് ഐഎംഎഫ് വിലയിരുത്തി. യുഎസ് നല്‍കിയ വായ്‌പ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഏഴ് ദിവസത്തെ ശ്രീലങ്കന്‍ പര്യടനത്തിന് എത്തിയതായിരുന്നു ഐഎംഎഫ് സംഘം.
‘ശ്രീലങ്ക 2024ൽ 5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചത് ശ്രദ്ധേയമാണ്. സമീപ പാദങ്ങളിൽ ശ്രീലങ്കയിലെ പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞു. 2025 മാർച്ച് അവസാനത്തോടെ -2.6 ശതമാനമായി പണപ്പെരുപ്പം കുറഞ്ഞു. സാമ്പത്തിക പരിഷ്‌കാരങ്ങൾ പൊതു ധനകാര്യത്തെ ശക്തിപ്പെടുത്തി.’- ഐ എം എഫ് പറഞ്ഞു.
ട്രംപിന്‍റെ താരിഫ് നയങ്ങളിലുണ്ടാകാവുന്ന ആഗോള ആഘാതം വിലയിരുത്തുന്നതിനും പരിഹാരം കാണുന്നതിനും സമയം വേണമെന്ന് ഐഎംഎഫ് വ്യക്തമാക്കി. ശ്രീലങ്കയ്ക്ക് 44 ശതമാനം താരിഫാണ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം ശ്രീലങ്ക ഏകദേശം 3 ബില്യൺ യുഎസ് ഡോളറിന്‍റെ വസ്‌ത്രങ്ങൾ യുഎസിലേക്ക് കയറ്റുമതി ചെയ്‌തിരുന്നു.
300 മില്യൺ യുഎസ് ഡോളറിന്‍റെ യുഎസ് ഉത്‌പന്നങ്ങൾ ഇറക്കുമതി ചെയ്യുകയും ചെയ്‌തു. യുഎസ് താരിഫ് വർദ്ധിപ്പിച്ചതില്‍ ശ്രീലങ്കയ്ക്കുണ്ടാകുന്ന പ്രതിസന്ധി വിശദീകരിച്ച് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് കത്തെഴുതിയതായി ശ്രീലങ്കന്‍ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ ഒരു സർവകക്ഷി യോഗത്തിൽ പറഞ്ഞു. അതേസമയം ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് 90 ദിവസത്തേക്ക് പകരച്ചുങ്കം താത്കാലികമായി പിന്‍വലിച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.