വീണ്ടും വെർച്വൽ അറസ്‌റ്റ് തട്ടിപ്പ്; വയോധികന് നഷ്‌ടമായത് 8,80,000 രൂപ

കോഴിക്കോട്:ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും വെർച്വൽ അറസ്‌റ്റിലൂടെ പണം കവർന്നു. എലത്തൂർ അത്താണിക്കൽ സ്വദേശിയായ 83 കാരനാണ് വെർച്വൽ അറസ്റ്റിലുടെ എട്ട് ലക്ഷത്തി എൺപതിനായിരം രൂപ നഷ്‌ടമായത്. പ്രാഥമിക അന്വേഷണത്തിൽ പണം പോയത് തെലങ്കാനയിലെ അക്കൗണ്ടിലേക്കാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു ലക്ഷത്തി അറുപതിനായിരം രൂപ പൊലീസ് തടഞ്ഞു വെച്ചിരിക്കുകയാണ്. എലത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തട്ടിപ്പിനിരയായ വ്യക്തി മുംബൈയിലെ ഇറിഗേഷൻ വകുപ്പ് മുൻ ജീവനക്കാരനാണ്. ആ സമയത്ത് ഗുരുതരമായ കുറ്റകൃത്യം ചെയ്‌തിട്ടുണ്ടെന്നും മനുഷ്യക്കടത്തിലെ പ്രധാന പ്രതിയാണെന്നും കേസ് തീര്‍ക്കാന്‍ ബാങ്ക് രേഖകള്‍ അയച്ചുതരണമെന്നുമായിരുന്നു വിളിച്ച ആള്‍ ആവശ്യപ്പെട്ടത്. മുംബൈയിലെ സൈബർ ക്രൈം ഡെപ്യൂട്ടി കമ്മിഷണർ എന്ന പേരിലാണ് ഫോൺ കോൾ എത്തിയത്. ഇങ്ങനെ ബാങ്ക് രേഖകൾ കൈക്കിലാക്കിയാണ് പണം കവർന്നത്.രണ്ടാഴ്‌ച മുമ്പാണ് തട്ടിപ്പുകാർ വിഡിയോ കോളിലൂടെ പരാതിക്കാരനെ ബന്ധപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽനിന്ന് രക്ഷപ്പെടുത്താൻ എന്ന വ്യാജേന പല തവണയായി പണം കവരുകയായിരുന്നു. തട്ടിപ്പ് നടന്ന് ദിവസങ്ങള്‍ക്കുശേഷമാണ് വയോധികന്‍ പരാതി നല്‍കിയത്.