പകരച്ചുങ്കം താത്‌കാലികമായി മരവിപ്പിച്ചു.ഏഷ്യൻ വിപണി നേട്ടത്തിൽ

0

ന്യൂഡൽഹി: അമേരിക്കയുടെ പകരച്ചുങ്കം താത്‌കാലികമായി മരവിപ്പിച്ചതോടെ ഏഷ്യൻ ഒഹരി വിപണി നേട്ടത്തിൽ. ഇന്ത്യയുൾപ്പെടെ 75 രാജ്യങ്ങൾക്കുള്ള പകരച്ചുങ്കം 90 ദിവസത്തേക്ക് നിർത്തിവയ്‌ക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെത്തുടർന്നാണ് വിപണി ഉണർന്നത്. ട്രംപിൻ്റെ തീരുമാനം ആഗോള നിക്ഷേപകർക്ക് ആശ്വാസം നൽകുന്നതാണ്.

ജപ്പാനിലെ നിക്കി 225 സൂചിക 8.34 ശതമാനം ഉയർന്നു. തായ്‌വാൻ്റെ വെയ്റ്റഡ് സൂചിക 9 ശതമാനത്തിലധികവും ദക്ഷിണ കൊറിയയുടെ കോസ്‌പി സൂചിക 5 ശതമാനത്തിലധികവും ഉയർന്നു. ഹോങ്കോങ്ങിലെ ഹാങ് സെങ് സൂചിക ഏകദേശം 4 ശതമാനവും ഉയർന്നു. ശ്രീ മഹാവീർ ജയന്തി പൊതു അവധിയായതിനാൽ ഇന്ത്യൻ ഓഹരി വിപണികൾ ഇന്നത്തെ ദിവസം പ്രവർത്തിക്കില്ല.അതേസമയം ചൈനയുമായുള്ള വ്യാപാരയുദ്ധം തുടരുകയാണ്. ചൈനീസ് ഉത്‌പന്നങ്ങളുടെ തീരുവ 125 ശതമാനമായി വർധിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 10 മുതൽ യുഎസ് ഉത്‌പന്നങ്ങളുടെ തീരുവ 34 ശതമാനത്തിൽ നിന്ന് 84 ശതമാനമായി ചൈന ഉയർത്തിയതിന് മറുപടിയായാണ് ഈ നീക്കം. ട്രംപിൻ്റെ പകരച്ചുങ്ക പ്രഖ്യാപനത്തെ തുടർന്ന് 75 രാജ്യങ്ങള്‍ വ്യാപാര ചർച്ചയുമായി അമേരിക്കയെ സമീപിച്ചിരുന്നു. ഇതോടെ ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് 90 ദിവസത്തെ ഇളവ് പ്രഖ്യാപിക്കുകയായിരുന്നു. ഇതിൽ ഇന്ത്യയും ഉള്‍പ്പെടുന്നു.

ലോക വിപണികളോട് ചൈന കാണിച്ച ബഹുമാനക്കുറവിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ചൈനയ്‌ക്ക് ഈടാക്കുന്ന താരിഫ് 125% ആയി ഉയർത്തുന്നു. ഇത് ഉടൻ പ്രാബല്യത്തിൽ വരും. യുഎസിനെയും മറ്റ് രാജ്യങ്ങളെയും കൊള്ളയടിക്കുന്ന നടപടി സ്വീകാര്യമല്ലെന്ന് ചൈന മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ദി ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *