റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ, ഭവന-വാഹന വായ്‌പ പലിശ കുറയും

ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രധാന വായ്‌പാ നിരക്ക് അഥവാ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റ് കുറച്ചു. ഇതോടെ റിപ്പോ നിരക്ക് ആകെ 6% ആയി കുറഞ്ഞു. ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള സെൻട്രൽ ബാങ്കിന്‍റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഏപ്രിൽ 7 ന് ആരംഭിച്ച മൂന്ന് ദിവസത്തെ യോഗത്തിന് പിന്നാലെയാണ് തീരുമാനം. ഫെബ്രുവരിയിലും 25 ബേസിസ് പോയിന്‍റ് കുറച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് റിപ്പോ നിരക്ക് കുറയ്‌ക്കുന്നത്.
കഴിഞ്ഞ മാസങ്ങളിൽ പണപ്പെരുപ്പത്തിൽ കുറവുണ്ടായ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് വായ്‌പ നിരക്ക് കുറച്ചത്. ഇനി വായ്‌പ നിക്ഷേപ പലിശ നിരക്ക് കുറയും. ഭവന-വാഹന, വ്യക്തിഗത വായ്‌പ പലിശ നിരക്കും ബാങ്കുകളില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് വായ്‌പാ സാകര്യം ലഭിക്കാൻ ഇത് സഹായകമാകും. വായ്‌പയുടെ ചെലവ് കുറച്ച് വളര്‍ച്ചയ്‌ക്ക് കരുത്തേകുക എന്നതാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്. ഇനി ബാങ്കുകളില്‍ സ്ഥിരനിക്ഷേപം നടത്തുന്നതിന് പകരം ബിസിനസ് മേഖലകളിലേക്ക് കൂടുതല്‍ പണമൊഴുകും.
ഒരു സാമ്പത്തിക വർഷത്തിൽ ആറ് ദ്വൈമാസ യോഗങ്ങളാണ് ആർബിഐ നടത്തുക. പലിശ നിരക്കുകൾ, പണ വിതരണം, പണപ്പെരുപ്പ അവലോകനം തുടങ്ങിയ കാര്യങ്ങൾ ധനനയ കമ്മിറ്റി ചർച്ച ചെയ്യുകയും മോണിറ്ററി പോളിസി കമ്മിറ്റിയുടെ അവസാന യോഗത്തില്‍ തീരുമാനങ്ങള്‍ പ്രഖ്യാപികുകയും ചെയ്യും.
അതേസമയം, ലിക്വിഡിറ്റി അഡ്‌ജസ്‌റ്റ്‌മെന്‍റ് ഫെസിലിറ്റിക്ക് കീഴിലുള്ള സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 5.75% ആയും മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി നിരക്ക് (എംഎസ്എഫ് നിരക്ക്) 6.25% ആയും ആര്‍ബിഐ ക്രമീകരിച്ചു.
റിസർവ് ബാങ്ക്, ബാങ്കുകൾക്ക് വായ്‌പ നൽകുന്നതിലെ പലിശ നിരക്കാണ് റിപ്പോ നിരക്ക് എന്ന് പറയുന്നത്. റിപ്പോ നിരക്ക് കുറയുമ്പോൾ ബാങ്കിന് കുറഞ്ഞ നിരക്കിൽ റിസർവ് ബാങ്കിൽ നിന്ന് വായ്‌പയും റിപ്പോ നിരക്ക് വർദ്ധിപ്പിക്കുമ്പോൾ പലിശ നിരക്ക് വർധിപ്പിക്കുന്നു. റിപ്പോ നിരക്കുമായി മാത്രം ബന്ധപ്പെട്ടതാണെന്ന് കരുതിയെങ്കിൽ തെറ്റി.
റിപ്പോ നിരക്കിലെ വ്യത്യാസങ്ങൾ സാധാരണക്കാരെയും ബാധിക്കും എന്നതാണ് യാഥാർത്ഥ്യം. റിപ്പോ നിരക്ക് കുറയുമ്പോൾ കുറഞ്ഞ പലിശയിൽ ഉപഭോക്താക്കൾക്ക് വായ്‌പ ലഭിക്കും.
റിപ്പോ നിരക്ക് കുറഞ്ഞാലുള്ള ഗുണങ്ങള്‍ :
- വിവിധ ബാങ്കുകളിലെ വായ്‌പാ പലിശ നിരക്ക് ഇനി കുറയും
- ഭവന-കാര്‍, വ്യക്തിഗത വായ്‌പകളുടെ പലിശ നിരക്ക് കുറയും
- സാധാരാണക്കാര്‍ക്ക് താങ്ങാവുന്ന പലിശ നിരക്കില്‍ ഇനി വായ്‌പ എടുക്കാം
- ബാങ്കുകളില്‍ സ്ഥിരനിക്ഷേപം നടത്തുന്നതിന് പകരം ബിസിനസ് മേഖലകളിലേക്ക് കൂടുതല്‍ പണമൊഴുകും
- റിയൽ എസ്റ്റേറ്റിലെ നിക്ഷേപം വർധിക്കും
- ഭവന ആവശ്യകത വർധിക്കും