നിരാഹാര സമരത്തിൻ്റെ ഏഴാം നാൾ സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ് CPO റാങ്ക് ഹോൾഡർമാർ

തിരുവനന്തപുരം: കണ്ണീരിൽ കലങ്ങിയ കണ്ണുകളുമായാണ് വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ നിരാഹാര സമരത്തിൻ്റെ ഏഴാം നാൾ സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞത്. റാങ്ക് ലിസ്റ്റിൻ്റെ കാലാവധി പൂർത്തിയാകാൻ ഇനിയുള്ളത് വെറും 11 ദിവസങ്ങൾ മാത്രം. മുട്ടിലിഴയുന്നതിനിടെ കുഴഞ്ഞു വീണ ചിലരെ ഇന്നും ആശുപത്രിയിലേക്ക് മാറ്റി. വർഷങ്ങൾ നീണ്ട പരിശ്രമത്തിൻ്റെ ഫലമായാണ് ലിസ്റ്റിൽ കയറി കൂടിയതെന്നും ജോലിയില്ലാതെ വീട്ടിലേക്ക് മടങ്ങുന്ന കാര്യം ചിന്തിക്കാനാകുന്നില്ലെന്നും കായംകുളം സ്വദേശിയും ഉദ്യോഗാർഥിയുമായ അഭയ ഇ ടി വി ഭാരതിനോട് പറഞ്ഞു. സമരത്തെ കണ്ടില്ലെന്ന് നടിച്ചു അധികൃതർ ഒഴിവാക്കുകയാണ്. പിൻവാതിലല്ല അർഹതപ്പെട്ട നിയമനമാണ് ആവശ്യമെന്നും അഭയ വികാരാധീതയായി പറഞ്ഞു. റാങ്ക് ലിസ്റ്റിൽ മുന്നൂറാം റാങ്കുകാരിയാണ് അഭയ.
വീട്ടിൽ അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോലും ഗതിയില്ലെന്നും ഈ ജോലി മാത്രമാണ് ഏക പ്രതീക്ഷയെന്നും വിതുമ്പൽ അടക്കി തിരുവനന്തപുരം സ്വദേശി ഹനീന പറഞ്ഞു. സമരത്തിന് വന്നതു കൊണ്ടു പലരും ചരക്കുകളെന്നാണ് വിളിക്കുന്നത്. ജോലി കിട്ടിയില്ലെങ്കിൽ ജീവനൊടുക്കുക മാത്രമാണ് മുന്നിലുള്ള ഏക വഴിയെന്നും ഹനീന പറയുന്നു.
പരീക്ഷയ്ക്ക് മാത്രമല്ല സമരം ചെയ്യാൻ കൂടി പഠിക്കണമെന്നാണ് തിരുവനന്തപുരം സ്വദേശി അനൂജ പറയുന്നത്. വനിതാ സിപിഒ റാങ്ക് ലിസ്റ്റിൽ ഇടം നേടിയതോടെ വീട് പണി ആരംഭിച്ചു. ജോലി കിട്ടില്ലെന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങി തുടങ്ങിയതോടെ കടം കയറാനും തുടങ്ങി. എന്താകുമെന്ന് യാതൊരു രൂപവുമില്ലെന്നും ഹനീന പറഞ്ഞു.
967 പേരാണ് വനിതാ സിപിഒ റാങ്ക് ലിസ്റ്റിലുള്ളത്. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ 570 വനിതാ സിപിഒ മാരുടെ ഒഴിവുകളാണുള്ളതതെന്ന് വിവരാവകാശ രേഖയുണ്ടെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കി. റാങ്ക് ലിസ്റ്റിലെ 292 പേർക്ക് നിയമനം കിട്ടി. കഴിഞ്ഞ വർഷങ്ങളിൽ സിപിഒ റാങ്ക് ലിസ്റ്റിൽ നിന്നു 60 ശതമാനം നിയമനമാണ് നടന്നത്. വനിതാ സിപിഒ റാങ്ക് ലിസ്റ്റിനെ സർക്കാർ പൂർണമായി അവഗണിക്കുകയാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. 60.67 മാർക്കായിരുന്നു വനിതാ സിപിഒ പരീക്ഷയുടെ കട്ട് ഓഫ്. ഇതും മുൻ വർഷങ്ങളിലേക്കാൾ കൂടുതലാണ്. ഏപ്രിൽ 19 ന് ലിസ്റ്റിൻ്റെ കാലാവധി തീരുന്നതോടെ തങ്ങളുടെ പ്രതീക്ഷകൾ അസ്തമിക്കുമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.