മുംബൈ പ്രതിഭാ തിയേറ്റേഴ്സിൻ്റെ പുതിയ നാടകത്തിൻ്റെ പൂജ നടന്നു

മുംബൈ:1968ൽ സ്ഥാപിതമായി വൈവിധ്യങ്ങളായ നാൽപത്തിആറോളം നാടകങ്ങൾ മുംബൈ നാടകാസ്വാദകർക്ക് സമ്മാനിച്ച , ക്യാപ്റ്റൻ രാജു ,വത്സലാമേനോൻ തുടങ്ങീ നിരവധി പ്രതിഭാധനരായ കലാകാരന്മാരെ സിനിമയിലും നാടകത്തിലും സംഭവന ചെയ്ത പ്രതിഭാ തിയേറ്റേഴ്സിൻ്റെ പുതിയ നാടകം അരങ്ങിലേയ്ക്കായി ഒരുങ്ങുന്നു.
സുനിൽ ഞാറക്കൽ രചിച്ച ‘അയൽവീട് ‘ ആണ് പ്രതിഭയുടെ പുതിയ നാടകം .ഇതിൻ്റെ പൂജ കർമ്മം ‘കൈരളി സമാജം കൽവ ‘ഓഫീസിൽ ഇന്നലെ നടന്നു. ‘പ്രതിഭ’യുടെ സെക്രട്ടറി രവി തൊടുപുഴ, പ്രസിഡന്റ് രാജൻ തെക്കുംമല, സുമ മുകുന്ദൻ, അഡ്വ:മന്മഥൻ , ഉഷ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി .
മതിലുകൾ കെട്ടി സുരക്ഷിതമായ വീടും, മതത്തിന്റെ മുള്ളുവേലി തീർത്ത മനസ്സുമായി ജീവിക്കുന്ന കുറെ മനുഷ്യർ.വീടിനുള്ളിൽ പോലും മനുഷ്യജീവന് സുരക്ഷിതമല്ലാത്ത കാലത്ത് അയൽ വീടുകളിലെ ആർത്ത നാദങ്ങൾക്ക് നാം ചെവിയോർക്കണം. അസമയത്ത് അടുത്ത വീട്ടിൽ നിന്ന് അലർച്ച കേട്ടാൽ നാം അന്വേഷിക്കണം. അതൊരു ജീവന്റെ അവസാന പിടിച്ചിലാവാം. നാളെ ഒരുപക്ഷെ അത് നമ്മുടെ വീട്ടിലാവാം. കാരണം നമ്മുടെയും ഒരു അയൽ വീടാണ്. സുനിൽ ഞാറക്കൽ രചിച്ച ഈ നാടകം പറയുന്നത് ഈ ഓർമ്മപ്പെടുത്തൽ ആണ്.
ഒക്ടോബർ മാസത്തിൽ വേദിയിൽ എത്തിക്കാനുള്ള നാടക പരിശീലനത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു.
ചടങ്ങിൽ മുംബൈ നാടക രംഗത്തെ കലാകാരന്മാരായ അനിൽ മങ്കൊമ്പ് , രജിത് ലാൽ, രവി കലമ്പോലി, സനീഷ് ഡോമ്പിവലി, മനോജ് ഈ ഡി, ശശി ആനപ്പള്ളി തുടങ്ങിയവർ സന്നിഹിതരായിരുന്നു. രവി തൊടുപുഴ സ്വാഗതവും രാജൻ തെക്കുംമല നന്ദിയും പറഞ്ഞു.