കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

കാനഡയിലെ ടൊറന്റോയിൽ ഹൈന്ദവ ആരാധനാലയത്തിന് നേരെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് തിരയുന്നു. ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ശ്രീകൃഷ്ണ വൃന്ദാവന ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഹാൾട്ടൺ റീജിയണൽ പോലീസ് കേസെടുത്തിട്ടുണ്ട്.
ജോർജ് ടൗണിൽ ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. വെള്ളക്കാരായ രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത് എന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സമീപത്തെ പബ്ബിൽ നിന്നും ഇറങ്ങി വന്നവരായിരുന്നു ഇവർ. പ്രതികളുടെ ഫോട്ടോകൾ പുറത്തു വിട്ടിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയ വിശ്വാസികളാണ് ക്ഷേത്രത്തിന് നേരെ ആക്രമണം നടന്ന വിവരം പോലീസിനെ അറിയിച്ചത്. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായി. ഇതിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. എന്നാൽ പ്രതികളുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. രാജ്യത്ത് യാഥാസ്ഥിതിക വാദത്തിന്റെ സ്വാധീനം വളരുന്നത് കാനഡയിലെ ഹിന്ദു സമൂഹത്തിന് നേരെ വിദേശ ആക്രമണങ്ങൾക്ക് കാരണമാകുന്നതായി ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ പ്രസ്താവനയിൽ വിമർശിച്ചു.