ആശാ വര്‍ക്കേഴ്‌സുമായുള്ള തുടര്‍ചര്‍ച്ച വൈകും

തിരുവനന്തപുരം: ആശാവര്‍ക്കേഴ്‌സുമായുള്ള ആരോഗ്യമന്ത്രിയുടെ തുടര്‍ചര്‍ച്ച വൈകും. ഇന്ന് ചര്‍ച്ച വിളിച്ചിട്ടില്ല എന്നാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ചര്‍ച്ച തുടരാം എന്ന നിലയിലാണ് ഇന്നലെ പിരിഞ്ഞതെന്നും, പഠനസമിതി എന്ന തീരുമാനം അംഗീകരിക്കില്ലെന്നുമാണ് സമരം ചെയ്യുന്ന ആശാവര്‍ക്കേഴ്‌സിന്റെ നിലപാട്.
ഇന്നലെ നടന്ന ചര്‍ച്ച പരാജയമായതോടെ ഇന്ന് വീണ്ടും ചര്‍ച്ച എന്നായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ ചര്‍ച്ച വിളിച്ചിട്ടില്ല എന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. പഠനസമിതിയെ നിയോഗിക്കാം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഓണറേറിയം വര്‍ധന ഉള്‍പ്പെടെ പഠനസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കാം എന്ന് സര്‍ക്കാര്‍ പറയുന്നു. ഈ നിര്‍ദ്ദേശം മറ്റെല്ലാ സംഘടനകളും അംഗീകരിച്ചു. എന്നാല്‍ സമരം ചെയ്യുന്ന കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ തീരുമാനം അംഗീകരിച്ചിട്ടില്ല. ഓണറേറിയം വര്‍ധനയല്ലാതെ ഒരു സമവായത്തിനും സമരക്കാരില്ല.
സെക്രട്ടറിയേറ്റിന് മുന്‍പിലെ അനിശ്ചിതകാല രാപ്പകല്‍ സമരം ഇന്ന് 54 ആം ദിവസത്തിലാണ്. നിരാഹാര സമരം 16 ദിവസം പിന്നിട്ടു. തീരുമാനമായില്ലെങ്കില്‍ പുതിയ സമര രീതികള്‍ ഉള്‍പ്പെടെ പരീക്ഷിക്കാനാണ് തീരുമാനം.