പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് സത്താർ പന്തല്ലൂർ

ന്യൂഡൽഹി: വഖഫ് ബിൽ അവതരിപ്പിക്കുമ്പോള്‍ പാർലമെന്‍റിൽ ഇല്ലാതിരുന്ന കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധിയെ വിമർശിച്ച് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ. കോൺഗ്രസ് വിപ്പ് പോലും കാറ്റിൽ പറത്തി സഭയിൽ നിന്നു വിട്ടു നിന്ന പ്രിയങ്കഗാന്ധി നിരാശപ്പെടുത്തിയെന്ന് സത്താർ പന്തല്ലൂർ പറഞ്ഞു. സംഘപരിവാർ വിരുദ്ധ പോരാട്ടത്തിനാണ് വയനാട് അവർക്ക് നാലര ലക്ഷം ഭൂരിപക്ഷം നൽകിയതെന്നും സത്താർ പന്തല്ലൂർ കൂട്ടിച്ചേർത്തു. ‘തത്തമ്മേ പൂച്ച’ എന്ന മട്ടിൽ പെരുന്നാൾ ആശംസ പറഞ്ഞാൽ 48% മുസ്ലിം വോട്ടുള്ള വയനാടിനു തൃപ്തിയാകും എന്നാണ് ധാരണയെങ്കിൽ അതു ഭോഷ്കാണന്നും സത്താർ പന്തല്ലൂർ പരിഹസിച്ചു.
അതേസമയം വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയായതോടെ പാർട്ടി വൃത്തങ്ങള്‍ വിശദീകരണം നൽകി. അടുത്ത ബന്ധുവിന്റെ ചികിത്സാര്‍ഥം പ്രിയങ്ക വിദേശത്താണെന്നാണ് വിവരം. യാത്രാ വിവരം ലോക്‌സഭാ സ്പീക്കറെയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയെയും അറിയിച്ചിരുന്നു. സ്പീക്കര്‍ക്ക് രേഖാമൂലം കത്തു നല്‍കിയിരുന്നെന്നും പാര്‍ലമെന്ററി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
പതിനാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകൾക്കും വോട്ടെടുപ്പിനും ഒടുവിലാണ് വഖഫ് ബില്‍ ലോക്സഭ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ഭേദഗതികൾ തള്ളിയാണ് ബിൽ പാസായത്. ബില്ലിനെ അനുകൂലിച്ച് 288 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ 232 അംഗങ്ങൾ എതിർക്കുകയായിരുന്നു. എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, കെ സി വേണുഗോപാല്‍, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണൻ, ഇ ടി മുഹമ്മദ് ബഷീർ അടക്കമുള്ളവർ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളുകയായിരുന്നു. ഇതോടെ ബിൽ ലോക്സഭ കടന്നു. രാജ്യസഭയിലും കൂടി പാസാക്കിയ ശേഷം രാഷ്ട്രപതി കൂടി ഒപ്പുവെച്ചാൽ വഖഫ് നിയമഭേദഗതി പ്രാബല്യത്തിൽ വരും.