“പ്രസിഡൻ്റാകാൻ 19 കേസുള്ളയാളുടെ അപേക്ഷ, ബോർഡ് എങ്ങനെ പരിഗണിച്ചു.?” :ഹൈക്കോടതി

കൊല്ലം :കടയ്ക്കൽ ക്ഷേത്രോത്സവത്തിലെ വിപ്ലവ ഗാനാലാപനത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സ്റ്റേജിന് മുന്നിൽ കുപ്പിയും മറ്റും പൊക്കിപ്പിടിച്ച് യുവാക്കൾ നൃത്തം ചെയ്തു, ഇവരെ വിശ്വാസികൾ എന്ന് വിളിക്കാനാകുമോ എന്ന് കോടതി ചോദിച്ചു.പ്രസിഡൻ്റാകാൻ 19 കേസുള്ളയാളുടെ അപേക്ഷ ബോർഡ് എങ്ങനെ പരിഗണിച്ചു.ഗാനമേളക്കും സ്റ്റേജ് ലൈറ്റ് സംവിധാനങ്ങൾക്കും വേണ്ടി എത്ര തുകയാണ് ചെലവഴിച്ചത്. എങ്ങനെയാണ് തുക പിരിച്ചതെന്നടക്കമുള്ള കാര്യങ്ങൾ അറിയിക്കണമെന്നും കോടതി ക്ഷേത്ര ഉപദേശക സമിതിക്ക് നിർദേശം നൽകി.
അമ്പല പറമ്പിൽ വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ല. പൊലീസ് കേസെടുക്കേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേസമയം, ഗാനമേളയ്ക്കിടെയുണ്ടായ പിഴവുകൾ ഓപ്പറേറ്റർക്ക് സംഭവിച്ചതാണെന്നാണ് ക്ഷേത്ര ഉപദേശകസമിതി ഹൈക്കോടതിക്ക് മുൻപിൽ നൽകിയ വിശദീകരണം. പിഴവ് ഉടൻ തിരുത്തിയെന്നും ഉപദേശകസമിതി പ്രസിഡന്റ്റ് വികാസ് കോടതിയെ അറിയിച്ചു. ഓഡിയൻസ് ആവശ്യപ്പെട്ടതനുസരിച്ചാണ് വ്യത്യസ്ത പാട്ടുകൾ അവതരിപ്പിച്ചത്, ഇങ്ങനെ ഗാനം ആലപിച്ചപ്പോൾ തന്നെ നിർത്താൻ ആവശ്യപ്പെട്ടിരുന്നു എന്ന് വികാസ് കോടതിയിൽ പറഞ്ഞു. എന്നാൽ ഉത്സവം കൂടാനാണ് ക്ഷേത്രത്തിൽ ഭക്തർ എത്തുന്നതെന്നും ഇത്തരം പ്രവർത്തികൾ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഉത്സവം നടത്തിയത് സ്പോൺസർഷിപ്പോടെയാണ് എന്ന കാര്യം അംഗീകരിക്കാൻ ആവില്ലെന്ന് കോടതി. സ്പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ക്ഷേത്രപദേശക സമിതി അധ്യക്ഷന്‍ ഭാരവാഹിയായ വ്യാപാരി വ്യവസായി ഏരിയാ കമ്മിറ്റി ആണ് സ്പോണ്സര് ചെയ്തതെന്ന് പരാതിക്കാരന് ഹൈക്കോടതിയെ അറിയിച്ചു. എല്ലാവരും ചേര്‍ന്നുള്ള കമ്മിറ്റിയാണെന്ന് എല്ലാവര്ക്കും അറിയാമെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി.