വഖഫ് നിയമ ഭേദഗതി: ” മുസ്‌ലിങ്ങളുടെ സ്വത്തവകാശം കേന്ദ്ര സര്‍ക്കാര്‍ കവർന്നെടുക്കും”- രാഹുല്‍ ഗാന്ധി

0

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുസ്‌ലിങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുകയും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവർന്നെടുക്കാനും ലക്ഷ്യമിട്ടുള്ള ആയുധമാണ് ബിജെപി സര്‍ക്കാരിന്‍റെ ഈ ബില്ലെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിലൂടെയാണ് കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം.

“ആർ‌എസ്‌എസും ബിജെപിയും അവരുടെ സഖ്യകക്ഷികളും ചേർന്ന് ഭരണഘടനയ്‌ക്കെതിരായ ഈ ആക്രമണം ഇന്ന് മുസ്‌ലിങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്, പക്ഷേ ഭാവിയിൽ മറ്റ് സമുദായങ്ങളെ ലക്ഷ്യം വയ്ക്കുന്നതിലേക്ക് ഇത് നീങ്ങും” എന്ന് രാഹുല്‍ ഗാന്ധി കുറിച്ചു. ഇന്ത്യയുടെ മഹത്തായ ആശയത്തെ തന്നെ ആക്രമിക്കുകയും മതസ്വാതന്ത്ര്യത്തിനുള്ള അവകാശമായ ആർട്ടിക്കിൾ 25 ലംഘിക്കുകയും ചെയ്യുന്നതിനാൽ കോൺഗ്രസ് ഈ നിയമനിർമ്മാണത്തെ ശക്തമായി എതിർക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.12 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസം (ഏപ്രില്‍ 2) രാത്രി വൈകിയാണ് ലോക്‌സഭ വഖഫ് (ഭേദഗതി) ബിൽ പാസാക്കിയത്. പ്രതിപക്ഷ അംഗങ്ങൾ കൊണ്ടുവന്ന എല്ലാ ഭേദഗതികളും ശബ്‌ദ വോട്ടിലൂടെ തള്ളിക്കളഞ്ഞിരുന്നു. ബില്ലിനെ അനുകൂലമായി 288 ഉം എതിർത്ത് 232 എംപിമാരും വോട്ട് ചെയ്‌തു. ബിൽ വ്യാഴാഴ്‌ച രാജ്യസഭയിൽ അവതരിപ്പിക്കും.ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്‍ മുസ്‌ലിം സമുദായത്തിലെ സ്‌ത്രീകള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയാണെന്ന് മന്ത്രി പറഞ്ഞു. വഖഫ് പ്രഖ്യാപനത്തിന് മുമ്പ് സ്ത്രീകൾക്ക് അവരുടെ അനന്തരാവകാശം ലഭിക്കണമെന്നും വിധവകൾ, വിവാഹമോചിതരായ സ്ത്രീകൾ, അനാഥർ എന്നിവർക്ക് പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ വഖഫ് ബില്ലിനെ ഇന്ത്യാ സഖ്യം എതിര്‍ത്തു. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്കെതിരായ ആക്രമണമാണ് ഈ ബില്ലെന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ വ്യക്തമാക്കി. നമ്മുടെ ഫെഡറൽ ഘടനയ്‌ക്കെതിരായ ആക്രമണമാണ്. ഭരണഘടനയെ ദുർബലപ്പെടുത്തുക, ന്യൂനപക്ഷ സമുദായങ്ങളെ അപകീർത്തിപ്പെടുത്തുക, ഇന്ത്യൻ സമൂഹത്തെ വിഭജിക്കുക, ന്യൂനപക്ഷങ്ങളെ വോട്ടവകാശം നിഷേധിക്കുക എന്നിങ്ങനെ നാല് പ്രാഥമിക ലക്ഷ്യങ്ങളാണ് ബില്ലിനുള്ളതെന്നും ഇന്ത്യാ സഖ്യം കുറ്റപ്പെടുത്തി.

ഇന്ത്യൻ സമൂഹത്തെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ച്, അപകീർത്തിപ്പെടുത്താനും വിഭജിക്കാനുമുള്ള അജണ്ടയുടെ ഭാഗമാണ് ബിൽ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സംയുക്ത പാർലമെന്‍ററി കമ്മിറ്റിയിൽ (ജെപിസി) ബിൽ സമഗ്രമായി ചർച്ച ചെയ്‌തിട്ടുണ്ടെന്ന സർക്കാരിന്‍റെ വാദങ്ങളെ കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു, ക്ലോസ്-ബൈ-ക്ലോസ് ചർച്ച നടന്നിട്ടില്ലെന്നും പ്രതിപക്ഷ ഭേദഗതികളൊന്നും അംഗീകരിച്ചിട്ടില്ലെന്നും ലോക്‌സഭയില്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *