വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ കായിക അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: പരിശീലനത്തിന് എത്തിയ വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ഒരു കായിക അധ്യാപകൻ കൂടി പിടിയിൽ. പുല്ലൂരാംപാറ സ്വദേശി കെആർ സുജിത്ത് (27) ആണ് തിരുവമ്പാടി പൊലീസിൻ്റെ പിടിയിലായത്. കേസിൽ നേരത്തെ പിടിയിലായ പുല്ലൂരാംപാറ സ്വദേശി മുഖാലയിൽ ടോമി ചെറിയാൻ്റെ ശിഷ്യനാണ് സുജിത്ത്.
ടോമി ചെറിയാൻ നഗ്നചിത്രങ്ങള്‍ കാണിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടി പഠിച്ച സ്‌കൂളിലെ അത്‌ലറ്റിക് ചീഫ് കോച്ചായ ടോമി ചെറിയാൻ്റെ സഹ പരിശീലകനായാണ് സുജിത്ത് പ്രവർത്തിച്ചിരുന്നത്. ടോമി ചെറിയാന് ഇയാള്‍ വീഡിയോ അയച്ച് കൊടുത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് സുജിത്തിനെ കസ്റ്റഡിയിലെടുത്തത്.പെൺകുട്ടിയുടെ അമ്മ താമരശ്ശേരി ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ മാസം ടോമി ചെറിയാനെ തിരുവമ്പാടി പൊലീസ് പിടികൂടിയത്. അതേസമയം, കേസിൽ ടോമി ചെറിയാന് കോടതി ജാമ്യം അനുവദിച്ചിരുന്നു. പോക്‌സോ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ സുജിത്തിനെ താമരശ്ശേരി ജുഡീഷ്യൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കേസുമായി ബന്ധപ്പെട്ട് വീഡിയോ പ്രചരിപ്പിച്ച അധ്യാപകരല്ലാത്ത മറ്റ് ചിലരെ കൂടി പിടികൂടാൻ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.