കനയ്യ കുമാര്‍ സന്ദര്‍ശിച്ച ക്ഷേത്രം, ഗംഗാ ജലം കൊണ്ട് കഴുകി പ്രദേശ വാസികള്‍

ബിഹാര്‍: കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍ സന്ദര്‍ശിച്ചതിന് പിന്നാലെ ക്ഷേത്രം ഗംഗാ ജലം കൊണ്ട് കഴുകി പ്രദേശാവാസികള്‍. ബിഹാര്‍ സഹർസ ജില്ലയിലെ വാൻഗാവിലെ ഭഗവതി സ്ഥാനിലുള്ള ദുർഗ ക്ഷേത്രത്തിലാണ് സംഭവം. ‘കുടിയേറ്റം നിർത്തുക, ജോലി നൽകുക’ എന്ന മുദ്രവാക്യവുമായി ബിഹാറിലുടനീളം പ്രതിഷേധ റാലി നടത്തുകയാണ് കനയ്യ കുമാര്‍. കുടിയേറ്റത്തിന്‍റെയും തൊഴിലിന്‍റെയും കാര്യത്തിൽ നിതീഷ് കുമാര്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്ന് കനയ്യ കുമാര്‍ കുറ്റപ്പെടുത്തി.
ചൊവ്വാഴ്‌ചയാണ് കനയ്യ കുമാര്‍ സഹർസയിലെ ദുര്‍ഗ ക്ഷേത്രം സന്ദർശിച്ചത്. ഇതിന് പിന്നാലെ പ്രദേശത്തെ ചില യുവാക്കൾ ചേര്‍ന്ന് ക്ഷേത്രവും പരിസരവും ഗംഗാജലം കൊണ്ട് കഴുകുകയായിരുന്നു. വാൻഗാവ് നഗർ പഞ്ചായത്ത് വാർഡ് കൗൺസില്‍ പ്രതിനിധി അമിത് ചൗധരിയുടെ നേതൃത്വത്തിലാണ് ഇത് നടന്നത്.തെരുവ് യോഗത്തെ അഭിസംബോധന ചെയ്യാനെത്തിയ കനയ്യ കുമാറിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. ധാരാളം ആളുകളാണ് അദ്ദേഹത്തെ കേള്‍ക്കാന്‍ ക്ഷേത്ര പരിസരത്ത് എത്തിയത്.ഇത്തരമൊരു സാഹചര്യത്തിൽ തങ്ങൾ കനയ്യ കുമാറിനെ അംഗീകരിക്കുന്നില്ലെന്ന് അമിത് ചൗധരി പറഞ്ഞു. അദ്ദേഹം എവിടെ വന്നാലും ആ സ്ഥലങ്ങൾ ഗംഗാജലം ഉപയോഗിച്ച് വൃത്തിയാക്കും. ഭാവിയിലും ഈ എതിർപ്പ് തടരുമെന്നും അമിത് ചൗധരി പറഞ്ഞു.
സംസ്ഥാനത്തെ കുടിയേറ്റം നിർത്തുക, ജോലി നൽകുക എന്ന മുദ്രവാക്യവുമായി മാർച്ച് 16 ന് പശ്ചിമ ചമ്പാരനിലെ ഭിതിഹർവ ഗാന്ധി ആശ്രമത്തിൽ നിന്നാണ് കനയ്യ കുമാറിന്‍റെ നേതൃത്വത്തില്‍ റാലി ആരംഭിച്ചത്. ബിഹാർ കോൺഗ്രസിന്‍റെ സംസ്ഥാന ചുമതലയുള്ള കൃഷ്‌ണ അല്ലവരു, സംസ്ഥാന പ്രസിഡന്‍റ് രാജേഷ് കുമാർ റാം, മുൻ സംസ്ഥാന പ്രസിഡന്‍റ് അഖിലേഷ് പ്രസാദ് സിങ് എന്നിവരുൾപ്പെടെയുള്ള പ്രമുഖര്‍ യാത്രയിൽ പങ്കെടുക്കുന്നുണ്ട്. എൻഎസ്‌യുഐ, ഐവിസി പ്രവർത്തകരും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.