“പാര്‍ലമെന്റില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല”-രാഹുല്‍ ഗാന്ധി

ന്യുഡൽഹി: പാര്‍ലമെന്റില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദിവസങ്ങളായി അനുമതി നല്‍കുന്നില്ലെന്ന് ആരോപണം. പ്രതിപക്ഷ നേതാവ് എഴുന്നേറ്റാല്‍ സംസാരിക്കാന്‍ അനുവദിക്കുന്നതാണ് സഭാചട്ടമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല. ഞാന്‍ അദ്ദേഹത്തോട് (സ്പീക്കറോട്) സംസാരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അദ്ദേഹം അതിന് അനുവദിച്ചില്ല. എന്നെ കുറിച്ച് അടിസ്ഥാനരഹിതമായത് എന്തോ പറഞ്ഞു. സഭ പിരിച്ചുവിട്ടു. അതിന്റെ ആവശ്യമില്ലായിരുന്നു – രാഹുല്‍ ഗാന്ധി പറഞ്ഞു.
ഞാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ഒന്നും സംസാരിക്കാന്‍ അനുവദിക്കുന്നില്ല. ഞങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നതൊന്നും പറയാന്‍ അനുവദിക്കുന്നില്ല. ഞാന്‍ ഒന്നും ചെയ്തില്ല. നിശബ്ദനായി ഇരിക്കുകയായിരുന്നു. ഏഴ് – എട്ട് ദിവസമായി ഇതാണ് അവസ്ഥ. ഇതൊരു പുതിയ തന്ത്രമാണ്. ഇവിടെ പ്രതിപക്ഷത്തിന് ഇടമില്ല. അന്ന് പ്രധാനമന്ത്രി കുംഭമേളയെ കുറിച്ച് സംസാരിച്ചു. എനിക്ക് ചിലത് കൂട്ടിച്ചേര്‍ക്കാന്‍ ഉണ്ടായിരുന്നു. തൊഴിലില്ലായ്മയെ കുറിച്ച് സംസാരിക്കാന്‍ ഉണ്ടായിരുന്നു. എന്നാല്‍ അനുവദിച്ചില്ല. എന്താണ് സ്പീക്കറുടെ സമീപനം എന്നെനിക്ക് അറിയില്ല. ഞങ്ങളെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. ഇത് ജനാധിപത്യപരമായ രീതിയല്ല – രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
അംഗങ്ങളെല്ലാം സഭയുടെ പെരുമാറ്റചട്ടം പാലിക്കണമെന്ന് സ്പീക്കര്‍ ഇന്ന് അഭിപ്രായപ്പെട്ടു. സഭയുടെ നിലവാരത്തിനനുസരിച്ചല്ല പല അംഗങ്ങളുടെയും പെരുമാറ്റം ഈ സഭയുടെ ഉയര്‍ന്ന നിലവാരത്തിനനുസരിച്ചല്ലെന്ന് തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.