ഒറ്റക്കമ്പിനാദത്തിലുണർന്ന സ്നേഹത്തിൻ്റെ ബാവുൾ ഗീതകങ്ങൾ

അശാന്തിപടർത്തുന്ന വാർത്തകൾ മനിസ്സിലുണ്ടാക്കിയ ഊഷരതയിൽ,നമുക്ക് പ്രിയതരമായ ശാന്തിയെ സ്നേഹത്തിൻ്റെയും സാന്ത്വനത്തിൻ്റെയും ഈരടികളിലൂടെ ഏക്താരമീട്ടി, ദുഗ്ഗിയിൽ താളമിട്ടുണർത്തി നമുക്ക് സമ്മാനിക്കുകയായിരുന്നു ശാന്തിപ്രിയ എന്ന ബാവുൾ ഗായിക.
കുറച്ചു മണിക്കൂറുകളുടെ പരിധിയിലാണെങ്കിലും അത് മനസ്സിൽ ദീർഘകാലത്തെ അനുഭൂതിപകർന്നുകൊണ്ട് നിലനിൽക്കും എന്നത് ‘ഇപ്റ്റ കേരള- മുംബൈ’ ഘടകം നവി മുബൈയിൽ സംഘടിപ്പിച്ച ‘നീ പാടുക പ്രിയമെഴുമാ ബാവുൾ ഗീതകങ്ങൾ’ എന്ന പരിപാടിയുടെ സവിശേഷതയായിരുന്നു . ഒറ്റക്കമ്പിയുടെ ശ്രുതി ലയത്തിൽ സ്നേഹത്തിൻ്റെ യും സമാധാനത്തിൻ്റെ യും അഭൗമമായ ലോകത്തേക്ക് ഹൃദ്യമായ വരികളിലൂടെയും വാക്കുകളിലൂടെയും ശാന്തിപ്രിയ തൻ്റെ പാട്ടിൻ്റെ കൈവിരലുകൾ കൊണ്ട് തലോടി ആസ്വാദകരെ കൊണ്ടുപോകുകയായിരുന്നു .അവതരണത്തിൻ്റെ ലാളിത്യത്തിലൂടെ പാട്ടിന് പിന്നിലെ കഥകൾ പറഞ്ഞുതന്ന് ഏകതാര മീട്ടികൊണ്ട് അരങ്ങിൽ നൂപുര ധ്വനിയുണർത്തി ഗായിക നിഷ്‍കളങ്കതയോടെ ഓരോ ഗാനങ്ങളും പങ്കിടുമ്പോൾ തോന്നിയത് ബാവുൾ ഗീതത്തിന് യോജിച്ച ഏറ്റവും നല്ല നിർവ്വചനം അത് ‘ശാന്തിപ്രിയ’മാണ് എന്ന് തന്നെയാണ്.
ബാവുളിൻ്റെ പരമ്പരാഗത ഗീതങ്ങൾക്കൊപ്പം നാരായണ ഗുരുവിന്റെ കുണ്ഡലിനിപ്പാട്ടും-
“ആടുപാമ്പേ! പുനം തേടു പാമ്പേ! യരു…
ളാനന്ദക്കൂത്തു കണ്ടാടുപാമ്പേ!
തിങ്കളും കൊന്നയും ചൂടുമീശന്‍പദ-
പങ്കജം ചേര്‍ന്നുനിന്നാടുപാമ്പേ! ” – ശാന്തിപ്രിയയുടെ ഏറെ പ്രശസ്‌തമായ “പൂഴിയിൽ കളിക്കെൻ്റെ കുഞ്ഞേ
പൂമരം പോലെയാടു കണ്ണേ..” എന്നീ മലയാളഗാനങ്ങളൊക്കെ പ്രേക്ഷകർ വലിയ കൈയടികളോടെയാണ് സ്വീകരിച്ചത്. അതിനിടയിൽ ടാഗോറിൻ്റെ വരികളും കവിതയും ബാവുൾ ഗീതമായിമാറുന്നതും കണ്ടു.
കാറ്റിന് അധീനപ്പെട്ടവർ എന്ന അർത്ഥംവരുന്ന ‘വാതുല’ എന്ന വാക്കിൽ നിന്നും രൂപപ്പെട്ട ‘ബാവുളു’കൾ ഇന്ത്യയിലെ സന്ന്യസ്ഥ പാരമ്പര്യങ്ങളുമായി ചേർന്നുപോകുന്ന നാടോടി ഗായകരാണ്.വൈഷ്ണവരും സൂഫികളുമെല്ലാം ഉൾപെട്ട ആ നാടോടി സംഘം ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേയ്ക്ക് സംഗീതത്തിന്റെ കനലുകളുമായി സഞ്ചരിക്കുന്നു. അതിലൊരു കനലായി വന്ന ആദ്യ മലയാളിയാണ് ശാന്തിപ്രിയ .
ആ സഞ്ചാരത്തിനിടയിൽ മുംബൈയിൽ ഇവരെത്തുന്നതും ആദ്യമായി തന്നെ.
‘കനവ്’ എന്ന വ്യത്യസ്തമായ വിദ്യാഭ്യാസ പരീക്ഷണത്തിന് തുടക്കമിട്ട പിതാവ് കെ.ജെ ബേബിയുടെ
അന്വേഷണവഴിയിലൂടെ വളർന്ന ശാന്തിപ്രിയ താൻ എത്തിച്ചേർന്നതും പിന്നിട്ടതുമായ സംഗീത വഴികളെക്കുറിച്ചും സദസ്സുമായി പങ്കുവെച്ചു.
നെരൂൾ വെസ്റ്റ് ജിംഖാനയിലെ ആംഫി തിയ്യറ്ററിലാണ് പരിപാടി അരങ്ങേറിയത്.
ചോദ്യോത്തരവേളയിൽ ബാവുൾ ഗീതങ്ങൾ, അതിൻ്റെ ആത്മീയ തലങ്ങൾ, പാട്ടിൻ്റെ രാഷ്ട്രീയം, കാവ്യാനുഭൂതി എന്നിവയെപ്പറ്റി ശാന്തി പ്രിയ സംസാരിച്ചു.
കലാസാംസ്കാരിക പ്രവർത്തകരായ രുഗ്മിണി സാഗർ, പ്രിയ വർഗ്ഗീസ്, നിഷ ഗിൽബർട്ട് എന്നിവർ ചേർന്ന് ശാന്തി പ്രിയക്ക് ഇപ്റ്റ കേരള മുംബൈ ഘടകത്തിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു.
എസ് കുമാർ, ശ്രീരാം ശ്രീകാന്ത്, സുമലത നായർ, നീരജ ഗോപിനാഥ്, പി എസ് സുമേഷ്, രാധാകൃഷ്ണ പണിക്കർ, സുനിത എഴുമാവിൽ, എസ് അഭിഷേക്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഇപ്റ്റ കേരള മുംബൈ ഘടകം സെക്രട്ടറി പി ആർ സഞ്ജയ് സ്വാഗതം പറഞ്ഞ ബാവുൾ സായാഹ്നത്തിൽ പ്രസിഡൻ്റ് ബിജു കോമത്ത് ബാവുൾഗീതങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടർന്ന് ഇപ്റ്റയിലെ മുതിർന്ന അംഗം രേണു മണിലാൽ ശാന്തി പ്രിയയെ സ്വീകരിച്ചാനയിച്ചു. ഡിംപിൾ ഗിരീഷ് ചോദ്യോത്തര വേള നിയന്ത്രിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കും പിന്നിൽ പ്രവർത്തിച്ചവർക്കും പിന്തുണർച്ചവർക്കും ഷാബുഭാർഗ്ഗവൻ നന്ദി പറഞ്ഞു.
(നിഷ എം നായർ )