ബിജെപി മുന്‍ ജില്ല പ്രസിഡന്‍റ് വി വി രാജേഷിനെതിരെ പോസ്റ്ററുകൾ

തിരുവനന്തപുരം : ബിജെപിയുടെ മുന്‍ ജില്ല പ്രസിഡന്‍റ് വി വി രാജേഷിൻ്റെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം വേണമെന്ന് പോസ്‌റ്റര്‍. തിരുവനന്തപുരം അരിസ്‌റ്റോ ജംഗ്ഷന് സമീപത്തെ ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസിന് സമീപമാണ് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
വിവി രാജേഷിന്‍റെ 15 വര്‍ഷത്തിനുള്ളിലെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷിക്കുക, തിരുവനന്തപുരം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും പണം പറ്റി ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയതിന് നടപടിയെടുക്കുക, തെരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി പ്രതികരണ വേദി എന്ന പേരില്‍ ഇംഗ്ലീഷിലും മലയാളത്തിലും പോസ്‌റ്ററുകള്‍ പതിച്ചിട്ടുണ്ട്.ഇത് രണ്ടാം തവണയാണ് വി വി രാജേഷിനെതിരെ സാമ്പത്തിക തിരിമറിയില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പോസ്‌റ്റർ പ്രത്യക്ഷപ്പെടുന്നത്. ഒന്നര പതിറ്റാണ്ടിനിടെയുള്ള രാജേഷിന്‍റെ സാമ്പത്തിക വളര്‍ച്ചയും തിരുവനന്തപുരം വഞ്ചിയൂരിലെ ആഢംബര വസതിയും മുമ്പും ബിജെപിയില്‍ ചര്‍ച്ചയായിട്ടുണ്ട്.സാമ്പത്തിക തിരിമറിയിലടക്കം വിവി രാജേഷിനെതിരെ 2019ല്‍ ബിജെപി സസ്‌പെന്‍ഷന്‍ നടപടിയും സ്വീകരിച്ചിരുന്നു. പുതിയ സംസ്ഥാന പ്രസിഡന്‍റായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റെടുത്തതിന്‍റെ മൂന്നാം ദിവസമാണ് സംസ്ഥാന കമ്മിറ്റി ഓഫിസിന് മുന്നില്‍ പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.