വാളയാറിൽ അമ്മയും മകനും ചേർന്ന ലഹരിക്കടത്ത് സംഘത്തെ പിടികൂടി

0

പാലക്കാട്:വാളയാറിൽ എംഡിഎംഎയുമായി പിടിയിലായ അശ്വതി മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനകണ്ണിയാണെന്ന് എക്സൈസ് വകുപ്പ്. ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന 46കാരിയായ ഇവർ ലഹരിക്കടത്തിന് മറയിടാനാണ് മകൻ ഷോൺ സണ്ണിയെ കൂടെക്കൂട്ടിയത്. കഴിഞ്ഞ ദിവസമാണ് അമ്മയും മകനുമുൾപ്പെടെ നാലംഗ സംഘത്തിനെ എക്‌സൈസ് വാളയാറിൽ വച്ച് പിടികൂടിയത്.

എറണാകുളത്തെ ഒരു മസാജ് സെൻ്ററിലെ ജീവനക്കാരിയായ അശ്വതി അവിടെ വച്ചാണ് ഐടി പ്രൊഫഷണലായ മൃദുലുമായി (29) സൗഹൃദത്തിലാകുന്നത്. വാളയാറിൽ അറസ്‌റ്റിലായ സംഘത്തിൽ മൃദുലും ഉണ്ടായിരുന്നു. മൃദുലിൻ്റെ സുഹൃത്താണ് കൂടെ അറസ്‌റ്റിലായ അശ്വിൻ. 12 ഗ്രാം എംഡിഎംഎ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

ഇവർ പല തവണ ലഹരി കടത്തിയിട്ടുണ്ടെന്നും ഇവരെല്ലാം ലഹരി ഉപയോഗിക്കുന്നവരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ബെംഗളൂരുവിൽ നിന്നും വാളയാറിലേക്കുള്ള യാത്രക്കിടെ സംഘം ലഹരി ഉപയോഗിച്ചതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. അവർ ഉപയോഗിച്ച സിറിഞ്ചുകൾ കാറിൽ നിന്ന് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു.

ആദ്യഘട്ടത്തിൽ സംഘത്തിന്‍റെ കൂടെ പോവുക മാത്രം ചെയ്‌തിരുന്ന ഷോൺ സണ്ണി പിന്നീടാണ് ലഹരി ഉപയോഗത്തിലേക്ക് കടന്നത്. എംഡിഎംഎ രണ്ട് ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി ആവശ്യക്കാർക്ക് എത്തിക്കുന്നതായിരുന്നു ഇവരുടെ രീതി. ഷോണിന് പുറമേ ഒരു മകൾ കൂടി അശ്വതിക്ക് ഉണ്ട്. മകൾ ഭർത്താവിന് ഒപ്പമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *