കരാറുകാരനെ പറ്റിച്ച് 93 ലക്ഷം രൂപ തട്ടി; സ്ത്രീ അടക്കം മൂന്നുപേർ രാജസ്ഥാൻ പോലീസിൻ്റെ പിടിയിൽ

കോഴിക്കോട്: രാജസ്ഥാന്‍ സ്വദേശിയായ കരാറുകാരനെ വഞ്ചിച്ച് 93 ലക്ഷം രൂപ തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികളായ മൂന്നുപേര്‍ രാജസ്ഥാന്‍ പൊലീസിൻ്റെ പിടിയിൽ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി കൈലാസ് അപ്പാര്‍ട്ട്മെൻ്റിൽ ആര്‍. ശ്രീജിത്ത് (47), കല്ലായി തിരുവണ്ണൂര്‍ രാഗം ഹൗസില്‍ ടി.പി മിഥുന്‍ (35), ചാലപ്പുറം എക്‌സ്പ്രസ് ടവറില്‍ പി.ആര്‍ വന്ദന (47) എന്നിവരാണ് പിടിയിലായത്.
കരാറുകാരനായ രാജസ്ഥാൻ സ്വദേശി മഹേഷ്‌കുമാര്‍ അഗര്‍വാളിനെ ടെലിഗ്രാം ഗ്രൂപ്പിലൂടെ പരിചയപ്പെട്ട ഇവര്‍ നിര്‍മ്മാണസാമഗ്രികള്‍ കുറഞ്ഞവിലക്ക് നല്‍കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടുകയായിരുന്നു. കെട്ടിടങ്ങൾ നിർമ്മിക്കാൻ ആവശ്യമായ സിമൻ്റ്, ഇഷ്ടിക, ഈറ്റ തുടങ്ങിയവ കുറഞ്ഞവിലക്ക് നല്‍കാമെന്നായിരുന്നു മൂവരും നൽകിയ വാഗ്ദാനം. ടെലിഗ്രാംവഴിയാണ് എല്ലാ പണമിടപാടും നടത്തിയത്. പണം നൽകിയ ശേഷം സാധനങ്ങൾ എത്തിക്കാൻ നിരവധി തവണ മഹേഷ് കുമാർ മൂവരോടും ആവശ്യപ്പെട്ടിരുന്നു.നേരിട്ട് സാധനങ്ങൾ അവിടേയ്ക്ക് എത്തിക്കാമെന്നായിരുന്നു മഹേഷ് കുമാറിന് നൽകിയ വാഗ്ദാനം. എന്നാല്‍ നിരന്തരം സാധനങ്ങൾ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഒരു മറുപടിയും കിട്ടാതായതോടെ രാജസ്ഥാനിലെ കുച്ചാമണ്‍ പൊലീസ് സ്റ്റേഷനില്‍ മഹേഷ് കുമാർ പരാതി നല്‍കുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാൻ പൊലീസ് കോഴിക്കോട്ടെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ രാജസ്ഥാനിലേക്ക് കൊണ്ടുപോകും.