കാരുണ്യത്തിൻ്റെ ഒന്നര പതിറ്റാണ്ട് : അശരണർക്കുള്ള ശരണാലയമായി ഇമ്മാനുവൽ മേഴ്സി ഹോം ആശ്രമം

0

ഇന്ന് , ജീവ കാരുണ്യപാതയിൽ പതിനഞ്ചുവർഷം പൂർത്തിയാകുന്നു …

അനാഥരായി തെരുവിലേക്ക് വലിച്ചെറിയപ്പെട്ട മൂന്ന് കുട്ടികളെ ഏറ്റെടുത്തു കൊണ്ടാരംഭിച്ച ‘ഇമ്മാനുവൽ മേഴ്സി ഹോം‘ സേവന പാതയിൽ ഒന്നരപതിറ്റാണ്ട് പൂർത്തിയായിരിക്കുന്നു.ഇതിനിടയിൽ വന്നവരും പോയവരും നിരവധി . നിലവിൽ 150 അന്തേവാസികൾക്കുള്ള താങ്ങും തണലും തലോടലുമാണ് പൻവേലിലെ ഈ ആശ്രമം .

സിനു മാത്യുവും ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന ഭാര്യ മല്ലികയും നെടുംതൂണായുള്ള ഓൾഡ് പനവേലിലെ വാടകക്കെട്ടിടത്തിൽ ആണ് ആശ്രമം ആരംഭിച്ചത്. പനവേലിലെ ഖൈർപാടയിൽ രണ്ടര ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് അന്തേവാസികളുടെ അദ്ധ്വാനത്തിലൂടെ വ്യത്യസ്ഥയിനം ജൈവ കാർഷിക വിളകൾ ഉൽപ്പാദിപ്പിക്കുന്നു . കന്നുകാലികളും കോഴി, കാട തുടങ്ങിയവയും വളർത്തുന്നു.
അന്തേവാസികളിൽ ഭൂരിഭാഗം പേരെയും പൊലിസ് ആണ് ആശ്രമത്തിൽ എത്തിച്ചത്.അനാരോഗ്യം മൂലം ബഹുവിധ രോഗങ്ങൾ ബാധിച്ചവർ, എയ്ഡ്സ്, ടിബി, പ്രമേഹം മൂർഛിച്ച് കാൽ മുറിച്ചു മാറ്റപ്പെട്ടവർ, അന്ധർ തുടങ്ങിയവർ ഇവിടെ ഒരു കുടുംബം പോലെ ജീവിക്കുന്നു. തെരുവിൻ്റെ ഏതെങ്കിലുമൊരു കോണിൽ ആരുമറിയാതെ തങ്ങളുടെ ജീവിതം അവസാനിക്കുമെന്ന് കരുതിയവരിൽ പലർക്കും ആശ്രമത്തിൽ അഭയം ലഭിച്ചതോടെ ജീവിതം തിരിച്ചുപിടിക്കാൻ കഴിഞ്ഞിരിക്കുന്നു..

” ഇവിടെ എത്തിയവരിൽ 387 പേരെ രോഗമുക്തരാക്കിയ ശേഷം പൊലിസ് സഹകരണത്തോടെ ബന്ധുക്കളെ കണ്ടെത്തി മടക്കി അയക്കുവാൻ കഴിഞ്ഞു. ഗർഭാവസ്ഥയിൽ എത്തിക്കപ്പെട്ട 10 സ്ത്രീകൾ ആശ്രമത്തിൽ വെച്ച് പ്രസവിച്ചു.ഇവരിൽ 5 പേരെ ബന്ധുക്കളെ കണ്ടെത്തി ഏൽപ്പിച്ചു. ആരോരും ഇല്ലാതെ വഴിതെറ്റേണ്ടിയിരുന്ന 30 കുട്ടികൾ ഇഗ്ലീഷ് മീഡിയം സ്കൂളിൽ പഠിപ്പിക്കാനായി. ഹോട്ടൽ മാനേജ്മെൻ്റ്, ഐടി, ഡിഗ്രി വിദ്യാർത്ഥികളും അന്തേവാസികൾക്കിടയിൽ ഉണ്ട്.”

സിനു മാത്യുപറഞ്ഞു.

.

സന്തോഷവും സമാധാനവും സംതൃപ്തിയും നിറഞ്ഞ 15 വർഷങ്ങൾ കടന്നു പോയിരിക്കുന്നു .മലയാളി കൂട്ടായ്മകളും സാമൂഹ്യ പ്രവർത്തകരും മേഴ്സി ഹോമിൻ്റെ വളർച്ചയിൽ പിൻതാങ്ങായിട്ടുള്ളത് നന്ദിയോടെ സ്മരിക്കുന്നതായി സിനു മാത്യു പറഞ്ഞു .
(ഫോൺ 9594453267)

 

(തയ്യാറാക്കിയത് :  സലിം താജ് )

Spread the love

Leave a Reply

Your email address will not be published. Required fields are marked *