രാജ്യത്തെ കാലാവസ്ഥയിൽ ഭയാനകമായ മാറ്റങ്ങൾ :125 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനങ്ങൾ

ന്യൂഡൽഹി: കഴിഞ്ഞ 125 വർഷത്തിനിടയിലെ ഏറ്റവും ചൂടുള്ള ദിവസങ്ങളാണ് 2025 ഫെബ്രുവരിയില്‍ അനുഭവപ്പെട്ടത്. മാർച്ചിലും ഇത് തുടർന്നു. രാത്രികാല താപനില ഇപ്പോഴും സാധാരണയേക്കാൾ വളരെ കൂടുതലാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ കാരണം ഇന്ത്യയില്‍ ഉയര്‍ന്ന ചൂടുള്ള രാത്രികളുടെ എണ്ണം ഭയാനകമായ രീതിയിൽ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
സ്വിറ്റ്സർലാന്റിലെ ഇന്റർലേക്കനിൽ നടന്ന ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) 58-ാമത് സെഷനിൽ പുറത്തിറക്കിയ ‘AR6 സിന്തസിസ് റിപ്പോർട്ട്: ക്ലൈമറ്റ് ചേഞ്ച്’ പ്രകാരം അസാധാരണമായ ഉഷ്ണതരംഗത്തിന്റെ ഏറ്റവും വലിയ ആഘാതം മധ്യ ഇന്ത്യയിലാണ് നേരിട്ടത് എന്ന് സൂചിപ്പിക്കുന്നു.
ഈ വർഷം ഉഷ്ണതരംഗം വളരെ നേരത്തെ ഉണ്ടായതായി പഠനങ്ങള്‍ പറയുന്നു. അതേസമയം ചൂടുള്ള രാത്രികളിലും വർധനവുണ്ടായിട്ടുണ്ട്. രാജ്യത്തുടനീളമുള്ള താപനിലയിലെ വർധനവിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചിരുന്നു.
ഫെബ്രുവരി 26 ന് മുംബൈയിൽ താപനിലയിലെ വർധനവ് ആദ്യമായി രേഖപ്പെടുത്തി. സാധാരണയേക്കാൾ ആറ് ഡിഗ്രി സെൽഷ്യസ് കൂടുതലായി, 38.7 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഉഷ്ണതരംഗത്തെക്കുറിച്ച് ഐഎംഡി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ആ സമയത്ത് സംസ്ഥാനങ്ങൾ ഔദ്യോഗികമായി ഉഷ്ണതരംഗം പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ ദൈനംദിന താപനില 37 ഡിഗ്രി സെൽഷ്യസിൽ കൂടുതലായതിനാൽ (ഐഎംഡി പ്രകാരം) തീരദേശ സംസ്ഥാനങ്ങൾ ഉഷ്ണതരംഗ ജാഗ്രത പ്രഖ്യാപിച്ചിരുന്നു.
ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില മാർച്ച് 16 ന് ഒഡീഷയിലെ ബൗധ് ജില്ലയിലാണ് രേഖപ്പെടുത്തിയത്, 43.6 ഡിഗ്രി സെൽഷ്യസ്. മാർച്ച് 15 ന് 41.7 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ താപനില. ഒറ്റ ദിവസം കൊണ്ടാണ് താപനില ഉയര്‍ന്നത്. ഇതിനുപുറമേ, മറ്റ് സംസ്ഥാനങ്ങളിൽ 42 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോര്‍ഡ് താപനിലയും ഒഡീഷയിലെ ജാർസുഗുഡയിലും ബൊലാംഗീറിലും 41.7 ഡിഗ്രി സെൽഷ്യസ് താപനിലയുമാണ് രേഖപ്പെടുത്തിയത്.
ഇതോടെ രാജ്യത്തെ ഏറ്റവും ചൂടേറിയ മൂന്ന് സ്ഥലങ്ങളുടെ കേന്ദ്രമായി ഒഡീഷ മാറി. സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും തീവ്രമായ ഉഷ്ണതരംഗങ്ങളിൽ ഒന്നാണിതെന്ന് ഐഎംഡി ശാസ്ത്രജ്ഞന് ശിശി കാന്ത് പറഞ്ഞു. മാർച്ച് പകുതിയോടെ ഒഡീഷയുടെ ഉൾഭാഗം ഒഴികെയുള്ള കിഴക്കൻ ഇന്ത്യയിൽ നിന്ന് ഉഷ്ണതരംഗം കുറയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാത്രിയിലെ താപനിലയിലെ വർധനവും ആദ്യകാല ഉഷ്ണതരംഗങ്ങളും മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള സൂചനയാണെന്ന് പരിസ്ഥിതി വിദഗ്ധൻ മനു സിങ് പറയുന്നു. ഫെബ്രുവരി 25 ന് ആണ് ഇന്ത്യയിൽ ആദ്യത്തെ ശൈത്യകാല ഉഷ്ണതരംഗം രേഖപ്പെടുത്തിയത്. ഇത് ഗോവയെയും മഹാരാഷ്ട്രയെയും ബാധിച്ചു. ഇത് ഇന്ത്യയുടെ കാലാവസ്ഥാ രേഖകളിൽ മുമ്പ് കേട്ടിട്ടില്ലാത്ത ഒരു പ്രതിഭാസമാണെന്നും മനു സിങ് പറഞ്ഞു.
പകലും രാത്രിയും അമിതമായ താപനിലയിൽ ദീർഘനേരം സമ്പർക്കമുണ്ടാകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. രാത്രിയിലെ താപനിലയിലെ വർധനവ് സാധാരണ ഉറക്കത്തെ ബാധിക്കുമെന്നും ഇത് മരണ നിരക്ക് വർധിപ്പിക്കുമെന്നും മനു സിങ് സൂചിപ്പിച്ചു.
കാർഷിക ഉത്പാദനത്തെയും താപനില പ്രതികൂലമായി ബാധിക്കും. രാത്രിയിലെ താപനിലയിലെ 1°C വർധനവ് ഗോതമ്പ് വിളവ് 6 ശതമാനമായി കുറയ്ക്കുമെന്നാണ് നാഷണൽ സെന്റർ ഫോർ ബയോടെക്നോളജിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അരി വിളവ് 10 ശതമാനവും കുറയും. ചൂടുള്ള രാത്രികൾ ധാന്യത്തിന്റെ ഗുണനിലവാരത്തെയും സ്വാധീനിക്കും. അരി രുചികരമല്ലാതാവുകയും ധാന്യങ്ങളില്‍ പോഷകത്തിന്റെ അവസ്ഥയിൽ മാറ്റം വരുത്തുകയും ചെയ്യും.