BJPയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ – ഔദ്യോഗിക പ്രഖ്യാപനം നടന്നു

0

തിരുവനന്തപുരം:  ഇനി രാജീവ് ചന്ദ്രശേഖർ കേരളത്തിൽ ബിജെപിയെ നയിക്കും. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ബിജെപി സംസ്ഥാനകൗൺസിൽ യോഗത്തിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രൾഹാദ്‌ ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്

സാധ്യതാപട്ടികയിലുണ്ടായിരുന്ന നേതാക്കളെയെല്ലാം തള്ളിയാണ് മൂന്നുതവണ രാജ്യസഭാഗവും രണ്ടാം മോദിസർക്കാരിൽ സഹമന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖറിന് കേരളത്തിലെ പാർട്ടിയുടെ ചുമതല കൈമാറുന്നത്. കെ സുരേന്ദ്രന്റെ പിൻഗാമിയായി രാജീവിനെ നിശ്ചയിച്ചത് പൂർണമായും ദേശീയനേതൃത്വത്തിന്റെ തീരുമാനമാണ്. ഞായറാഴ്ച തിരുവനന്തപുരത്തുചേർന്ന കോർകമ്മിറ്റിയിൽ കേരള പ്രഭാരി പ്രകാശ് ജാവഡേക്കറാണ് നേതൃത്വത്തിന്റെ തീരുമാനമറിയിച്ചത്. രാജീവ് ചന്ദ്രശേഖറിന്റെ പേരുമാത്രമാണ് കോർകമ്മിറ്റിയിൽ വന്നത്.

വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്ന എംകെ ചന്ദ്രശേഖറിന്റെയും ആനന്ദവല്ലി ചന്ദ്രശേഖറിന്റെയും മകനായി 1964ൽ അഹമ്മദാബാദിലാണ് അദ്ദേഹത്തിന്റെ ജനനം. തൃശൂർ ദേശമംഗലം സ്വദേശികളാണ് മാതാപിതാക്കൾ. തൃശൂരിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷമാണ് രാജീവ് തുടർപഠനത്തിനായി ബെംഗളൂരൂവിലേക്ക് പോകുന്നത്.

മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്നു ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ഷിക്കാഗോ ഇലിനോയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദാന്തര ബിരുദവും നേടി. 1988 മുതൽ 1991 വരെ രാജീവ് ചന്ദ്രശേഖർ ഇന്റലിൽ ജോലി ചെയ്തു. ഇന്റലിൽ i486 പ്രോസസർ രൂപകൽപ്പന ചെയ്ത ആർക്കിടെക്ചറൽ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. 1991 ൽ ആണ് രാജീവ് ചന്ദ്രശേഖറിന്റെ ജീവിതത്തിൽ വഴിത്തിരിവായ വിവാഹം നടക്കുന്നത്. ബിപിഎൽ ഉടമ ടിപി നമ്പ്യാരുടെ മകൾ അഞ്ജുവിനെ ആണ് രാജീവ് വിവാഹം കഴിച്ചത്. തുടർന്ന് 1994ൽ ബിപിഎൽ മൊബൈൽ സ്ഥാപിച്ചതാണ് രാജീവിന്റെ ബിസിനസ് ജീവിതത്തെ മാറ്റിമറിച്ചത്. 2005ൽ ബിപിഎൽ കമ്യൂണിക്കേഷൻസിന്റെ 64 ശതമാനം ഓഹരി എസാർ ഗ്രൂപ്പിനു വിറ്റത് 8,214 കോടി രൂപയ്ക്ക്. അതേ വർഷം തന്നെ സ്റ്റാർട് അപ് സംരംഭങ്ങൾക്കായി നിക്ഷേപം നടത്തുന്ന ജൂപിറ്റർ ക്യാപ്പിറ്റൽ എന്ന സംരംഭത്തിന് അദ്ദേഹം ബെംഗളൂരുവിൽ തുടക്കം കുറിച്ചു.2006മുതൽ 2024വരെ 18 വർഷം കർണാടകയിൽനിന്നുള്ള രാജ്യസഭാംഗമായിരുന്ന രാജീവ് 2021 മുതൽ 2024 വരെ രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ സഹമന്ത്രിയായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *