“സ്വാതന്ത്ര്യസമരവുമായി സവര്‍ക്കര്‍ക്ക് എന്ത് ബന്ധം ? “- ഗവർണ്ണറുടെ പ്രസ്താവനക്കെതിരെ എം. വി. ഗോവിന്ദന്‍

തിരുവനന്തപുരം : സവര്‍ക്കറെ ചൊല്ലി സംസ്ഥാനത്ത് വീണ്ടും വിവാദം ചൂടേറുന്നു. കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്‌ഐ ബാനറിലെ സവര്‍ക്കര്‍ പരാമര്‍ശത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സ്വാതന്ത്ര്യസമരവുമായി സവര്‍ക്കര്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
ദേശീയ സ്വാതന്ത്ര്യ സമരവുമായി സവര്‍ക്കര്‍ക്ക് ഒരു ബന്ധവുമില്ല. ആറ് തവണ മാപ്പ് എഴുതിക്കൊടുത്ത വ്യക്തിയാണ് സവര്‍ക്കര്‍. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവുമായി ഒരു തരത്തിലും ബന്ധപ്പെടില്ല, നിങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും പറയില്ല എന്ന് പറഞ്ഞുകൊണ്ട് പുറത്ത് വന്നയാളാണ് സവര്‍ക്കര്‍ – അദ്ദേഹം വിശദമാക്കി.
വീ നീഡ് ചാന്‍സലര്‍, നോട്ട് സവര്‍ക്കര്‍ എന്നെഴുതിയ എസ്എഫ്‌ഐയുടെ ബാനറിലായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. സവര്‍ക്കര്‍ എന്നാണ് രാജ്യത്തിന് ശത്രുവായി മാറിയതെന്ന് ഗവര്‍ണര്‍ ചോദിക്കുകയായിരുന്നു. സവര്‍ക്കര്‍ എങ്ങനെയാണ് രാജ്യശത്രു ആകുന്നത് ? സവര്‍ക്കര്‍ എന്താണ് ചെയ്തത്? അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ചിന്തകള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഈ സമൂഹത്തിന് അദ്ദേഹം എന്താണ് നല്‍കിയതെന്ന് മനസിലാകും. മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് സവര്‍ക്കര്‍ എല്ലാ കാലത്തും പ്രവര്‍ത്തിച്ചത്. വീടിനെയോ, വീട്ടുകാരെയോ കുടുംബത്തെ കുറിച്ചോ അല്ല. പകരം സമൂഹത്തെ കുറിച്ചാണ് സവര്‍ക്കര്‍ എല്ലാ കാലത്തും ചിന്തിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്ത ആളാണ് – അദ്ദേഹം പറഞ്ഞു.അതേസമയം, ഗവര്‍ണര്‍ക്ക് മറുപടിയുമായി എസ്എഫ്‌ഐയും രംഗത്തെത്തി. സവര്‍ക്കര്‍ ആരായിരുന്നു എന്നറിയാന്‍ ചരിത്രം പഠിക്കണമെന്ന് എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വി പി സാനു പറഞ്ഞു.