മലപ്പുറത്ത് ക്ലബിന് പെട്രോള്‍ ഒഴിച്ച് തീയിട്ട് യുവാക്കള്‍; ഒരാള്‍ക്ക് പൊള്ളലേറ്റു.

മലപ്പുറം : പൊന്നാനി മാറഞ്ചേരി മുക്കാലയില്‍ ക്ലബിന് പെട്രോള്‍ ഒഴിച്ച് തീയിട്ട് യുവാക്കള്‍. സംഭവത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു. മാറഞ്ചേരി പനമ്പാട് സ്വദേശി അബിക്കാണ് (22) പൊള്ളലേറ്റത്. മുഖത്തും ശരീരത്തിലും സാരമായി പൊള്ളലേറ്റ അബിയെ ചങ്ങരംകുളത്ത് സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ (മാർച്ച് 22) രാത്രി എട്ട് മണിയോടെയാണ് സംഭവം.
കഴിഞ്ഞ ദിവസം മാറഞ്ചേരി പനമ്പാട് കണ്ണാത്തയില് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ക്ലബിലെ അംഗങ്ങളും യുവാക്കളും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചായി അബിയുടെ നേതൃത്വത്തിലുള്ള സംഘം എതിര്‍ച്ചേരിയിലെ അംഗങ്ങളുടെ ക്ലബിന് പെട്രോള്‍ ഒഴിച്ച് തീവയ്ക്കുകയായിരുന്നുവെന്നാണ് വിവരം.
നാല് പേരടങ്ങുന്ന സംഘമാണ് ക്ലബിന് തീയിട്ടതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ ഉള്‍പ്പെട്ട പനമ്പാട് സ്വദേശിയായ ആദര്‍ശിനെ പെരുമ്പടപ്പ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.