കൊച്ചി മെട്രോയിൽ ശനിയാഴ്ച രാത്രി ടിക്കറ്റിന് 50% ഇളവ്
കൊച്ചി: യാത്രക്കാർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന കാര്യത്തിൽ കൊച്ചി മെട്രോ എപ്പോഴും പ്രത്യേക ശ്രദ്ധ പുലർത്താറുണ്ട്. ഐ എസ് എൽ ഫുട്ബോൾ ദിവസങ്ങളിലാണെങ്കിൽ പിന്നെ പറയുകയും വേണ്ട. കൊച്ചിയിൽ ഫുട്ബോൾ പൂരം അരങ്ങേറുമ്പോഴെല്ലാം മെട്രോയിൽ 50 ശതമാനം വരെ ടിക്കറ്റ് ഇളവ് പ്രഖ്യാപിക്കാറുണ്ട്. ഇക്കുറിയും പതിവ് തെറ്റിയില്ല. നാളെത്തെ ഐ എസ് എൽ മത്സരത്തിന് ആവേശം പകരാനായി കൊച്ചി മെട്രോ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചുകഴിഞ്ഞു. രാത്രി പത്ത് മണി മുതലുള്ള ടിക്കറ്റ് നിരക്കിലാണ് 50 ശതമാനം ഇളവ് വരുത്തിയിട്ടുള്ളത്. ഐ എസ് എൽ പ്രമാണിച്ച് ജെ എൽ എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്നും അധിക സർവ്വീസുകളും കൊച്ചി മെട്രോ ഒരുക്കുന്നുണ്ട്.