പഴയവയ്ക്ക് വിട : ഡൽഹിയിൽ 1,000-ത്തിലധികം പുത്തൻ ഇലക്ട്രിക് ബസുകൾ

ന്യൂഡല്‍ഹി; ഈ മാസം ഡൽഹിയിൽ 1,000-ത്തിലധികം ഇലക്ട്രിക് ബസുകൾ എത്തുമെന്ന് ഗതാഗത മന്ത്രി പങ്കജ് കുമാർ സിംഗ് പറഞ്ഞു.ഡൽഹിയിലെ ഗതാഗത മേഖല നിലവിൽ 235 കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും സിംഗ് പറഞ്ഞു.സർക്കാർ ഒരു വീണ്ടെടുക്കൽ പദ്ധതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ മേഖലയെ ലാഭകരമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. “ഈ മാസം, ഞങ്ങൾ 1,000-ത്തിലധികം ഇലക്ട്രിക് ബസുകൾ ഡൽഹിയിലേക്ക് കൊണ്ടുവരും,” സിംഗ് പറഞ്ഞു.
അടുത്ത മാസം ഒന്നു മുതല്‍ ഡല്‍ഹിയിലെ നിരത്തുകളിലൂടെ ആയിരത്തിലേറെ പുത്തന്‍ ബസുകള്‍ ഓടിത്തുടങ്ങും. വരും ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി ഡല്‍ഹി ഗതാഗത കോര്‍പ്പറേഷന്‍റെ പഴയ മൂവായിരം ബസുകള്‍ നിരത്തില്‍ നിന്ന് നീക്കം ചെയ്യും.പുത്തന്‍ ബസുകള്‍ ഇതിന് ആനുപാതികമായി നിരത്തിലിറക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ഗതാഗതമന്ത്രി പങ്കജ് കുമാര്‍ സിങ് പറഞ്ഞു.
1500മുതല്‍ 2000 ബസുകള്‍ വരെ പുതുതായി നിരത്തിലിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവയെല്ലാം തന്നെ വൈദ്യുതി ബസുകളായിരിക്കും. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന സിഎന്‍ജി ബസുകള്‍ നീക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എഎപിയുടെ മൊഹല്ല ബസുകളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മുന്‍ സര്‍ക്കാരിനെ കുറിച്ച് സംസാരിക്കാതിരിക്കുകയാണ് ഭേദമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവര്‍ ഡല്‍ഹിയെ കഴിവിന്‍റെ പരാമാവധി ഇല്ലാതാക്കി. ഇപ്പോള്‍ ഡല്‍ഹി ഗതാഗത കോര്‍പ്പറേഷന്‍റെ വരുമാനം വര്‍ദ്ധിച്ചു. ജനങ്ങള്‍ക്ക് മികച്ച ഗതാഗത സൗകര്യങ്ങളും ലഭിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതിയായ ചാര്‍ജിങ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. പുതിയ 1200 ബസുകള്‍ ഏപ്രിലില്‍ തന്നെ എത്തും. പിന്നെ ഓരോ ആഴ്ചയും പുതിയ ബസുകള്‍ വരും. ബിജെപി വാഗ്‌ദാനം ചെയ്‌തതിനെക്കാള്‍ മികച്ച സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു കൊല്ലം കൊണ്ട് അയ്യായിരം പഴയ ബസുകള്‍ റോഡുകളില്‍ നിന്ന് നീക്കുമെന്നും പങ്കജ് കുമാര്‍ സിങ് വ്യക്തമാക്കി.മൊഹല്ല ബസുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു കഴിഞ്ഞു. ലേല നടപടികളില്‍ പറയുന്ന പല മാനദണ്ഡങ്ങളും പാലിക്കാന്‍ പക്ഷേ അവയ്ക്ക് സാധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ അവയുടെ പത്ത് ശതമാനം തുക ആറ് മാസത്തിന് ശേഷം നല്‍കിയാല്‍ മതിയെന്ന തീരുമാനത്തിലാണ്. വീണ്ടും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ നടപടികളെടുക്കുമെന്നും മന്ത്രിപറഞ്ഞു.
ഡല്‍ഹിയെ ഗതാഗതക്കുരുക്കില്‍ നിന്ന് മുക്തമാക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ ബസുകള്‍ ഇല്ലാത്തയിടങ്ങളിലേക്കും ബസ് സര്‍വീസുകള്‍ കൊണ്ടുവരിക എന്നതും ഈ സര്‍ക്കാരിന്‍റെ ലക്ഷ്യമാണ്. മുന്‍ സര്‍ക്കാര്‍ ഡിടിസിക്ക് നഷ്‌ടമുണ്ടാക്കി. അഴിമതിയില്ലാത്ത ബസ് സര്‍വീസ് ഞങ്ങള്‍ നല്‍കും. സ്‌ത്രീകള്‍ക്കുള്ള സൗജന്യ യാത്ര തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി അവസാനിപ്പിച്ച് ഡിടിസിയെ ലാഭകരമാക്കുകയെന്നതാണ് ലക്ഷ്യമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.