ഇത് പാപമോചനത്തിന്‍റെ നാളുകള്‍; പ്രാര്‍ഥന മുഖരിതമായി വീടുകളും മസ്‌ജിദുകളും

പുണ്യ റമദാനിലെ പാപമോചനത്തിന്‍റെ പത്ത് ദിവസങ്ങളിലൂടെയാണ് വിശ്വാസികള്‍ കടന്ന് പോകുന്നത്. പരിശുദ്ധമായ ഈ ദിവസങ്ങളില്‍ വിശ്വാസികള്‍ നോമ്പ് അനുഷ്‌ഠിച്ച് പ്രാര്‍ഥനകളിലും ദാനധര്‍മങ്ങളിലും ഏര്‍പ്പെടുന്നു. ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള മുഴുവന്‍ പാപങ്ങളില്‍ നിന്നും മോചനം തേടാനുള്ളതാണ് രണ്ടാമത്തെ പത്ത്. ഈ നാളുകളില്‍ പാപമോചനത്തിനായുള്ള പ്രത്യേക പ്രാര്‍ഥനകളുമുണ്ട്.വീട്ടകങ്ങളും മസ്‌ജിദുകളും പ്രാര്‍ഥനാ മുഖരിതമാവുന്ന നാളുകളാണിത്. നോമ്പ് അനുഷ്‌ഠിക്കുകയും ശുദ്ധമായ മനസോടെ അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്‌താല്‍ അവനില്‍ നിന്നും കാരുണ്യമുണ്ടാകുമെന്ന് നിരവധി ഹദീസുകളില്‍ വ്യക്തമാണ്. പാപമോചനം തേടുന്നതിന് മുമ്പ് ചെയ്‌ത് പോയ പാപത്തെ കുറിച്ച് നമ്മുക്ക് വ്യക്തമായ ധാരണയുണ്ടാകണം. അത് മാത്രമല്ല ജീവിതത്തില്‍ ഇനിയൊരിക്കലും അത്തരം തിന്മകളിലേക്ക് തിരിയില്ലെന്നും മനസില്‍ ഉറപ്പിക്കേണ്ടതുണ്ട്.
ആദിമ മനുഷ്യനായ ആദം നബിയെ സൃഷ്‌ടിച്ചതിന് ശേഷം അല്ലാഹു മലക്കുകളോട് അദ്ദേഹത്തെ സാഷ്‌ടാംഗം ചെയ്യാന്‍ കല്‍പിച്ചു. അല്ലാഹുവിന്‍റെ നിര്‍ദേശ പ്രകാരം മുഴുവന്‍ മലക്കുകളും അതനുസരിച്ച് സാഷ്‌ടാംഗം ചെയ്‌തു. എന്നാല്‍ ഒരാള്‍ ഒഴിച്ച്. അത് ഇബ്‌ലീസ് ആയിരുന്നു. തീയില്‍ നിന്നും സൃഷ്‌ടിക്കപ്പെട്ട താന്‍ മണ്ണില്‍ നിന്നും സൃഷ്‌ടിച്ച ആദമിനെ സാഷ്‌ടാംഗം ചെയ്യുകയില്ലെന്ന് ഇബ്‌ലീസ് പറഞ്ഞു. ഇതോടെ ഇബ്‌ലീസിനെ അല്ലാഹു സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കി.പ്രാര്‍ഥനകള്‍ക്ക് വേഗത്തില്‍ ഉത്തരം ലഭിക്കാന്‍ മുഹമ്മദ് നബിയുടെ പേരിലുള്ള സ്വലാത്ത് മുന്‍നിറുത്തുക. അത്തരത്തിലുള്ള പ്രാര്‍ഥനകള്‍ അല്ലാഹു തള്ളുകയില്ലെന്ന് ഹദീസുകളില്‍ വ്യക്തം. ഇതിന് ഉദാഹരണമായി നിരവധി ചരിത്രങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വിലക്കപ്പെട്ട കനി ഭക്ഷിച്ച് സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട ആദമിന് അല്ലാഹു പാപമോചനം നല്‍കിയ ചരിത്രം.
അല്ലാഹു അനുഗ്രഹിച്ച് നല്‍കിയ പുണ്യ റമദാനില്‍ സത്‌കര്‍മ്മങ്ങള്‍ അധികരിപ്പിക്കുകയും ജീവിതത്തില്‍ സംഭവിച്ച് പോയ പാപങ്ങളും തെറ്റുകളും ഏറ്റ് പറഞ്ഞ് പശ്ചാത്തപിക്കുകയും വലിയവരെ ബഹുമാനിക്കുകയും ചെറിയവരോട് കരുണ കാണിക്കുകയും വേണം.
പാപമോചനം തേടുന്നതിനൊപ്പം ദാനധര്‍മങ്ങളും സകാത്തുകളും അധികരിപ്പിക്കുക. സകാത്തിന്‍റെ അവകാശികളെ കണ്ടെത്തുകയും അവര്‍ക്ക് അത് നല്‍കുകയും ചെയ്യുന്നതില്‍ ഏതൊരു വിശ്വാസിയും കണിശത പുലര്‍ത്തണം. ഇത്തരം കാര്യങ്ങളെല്ലാം നിര്‍വഹിച്ച് മുന്നോട്ട് പോയാല്‍ റമദാനില്‍ നോമ്പെടുത്തതിന്‍റെ ചൈതന്യം വര്‍ഷം മുഴുവന്‍ നിലനിര്‍ത്താന്‍ ഏതൊരു വിശ്വാസിക്കും സാധിക്കും.
ജീവിതത്തില്‍ സംഭവിച്ച് പോയ ദോഷങ്ങളെല്ലാം കഴുകി കളഞ്ഞ് ഹൃദയം ശുദ്ധീകരിക്കാനുള്ളതാണീ അവസരം. പാപങ്ങളെല്ലാം ശുദ്ധീകരിച്ച് തെളിഞ്ഞ മനസോടെ നാഥനിലേക്ക് അടുക്കാനുള്ള തൗഫീഖ് ഉണ്ടാകട്ടെയെന്ന് നമ്മുക്ക് പ്രാര്‍ഥിക്കാം, നാഥന്‍ അനുഗ്രഹം ചൊരിയട്ടെ.!