നോമ്പ് തുറന്ന ശേഷം അരുംകൊല: ഭാര്യയെ വെട്ടിക്കൊന്ന ഘാതകൻ അറസ്‌റ്റിൽ

കോഴിക്കോട് :താമരശ്ശേരിയ്‌ക്ക് സമീപം ഈങ്ങാപ്പുഴ കക്കാട് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭർത്താവ് യാസർ പൊലീസ് പിടിയിൽ. അർധരാത്രിയിൽ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് വച്ചാണ് യാസർ പിടിയിലായത്. ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യ മാതാവിനെയും പിതാവിനെയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌ത ശേഷം മാരുതി കാറിൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു.
പോകുന്ന സമയത്ത് ബാലുശ്ശേരിക്ക് സമീപം എസ്റ്റേറ്റ് മുക്കിൽ വച്ച് സ്വകാര്യ പെട്രോൾ പമ്പിൽ നിന്നും 2000 രൂപക്ക് പെട്രോൾ അടിച്ചു പണം നല്‍കാതെ കടന്നുകളഞ്ഞു. തുടർന്ന് പെട്രോൾ പമ്പ് ഉടമകൾ പൊലീസിൽ വിവരം നൽകി. പൊലീസ് യാസറിനു വേണ്ടി എല്ലായിടങ്ങളിലും കർശന വാഹന പരിശോധന നടത്തുകയായിരുന്നു.
അതിനിടയിൽ ചില്ല് ഭാഗികമായി തകർന്ന നിലയിൽ ഒരു കാർ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടു. കൊലയ്‌ക്കും ആക്രമണത്തിനും ശേഷം കടന്നു കളയുന്ന സമയത്ത് നാട്ടുകാര്‍ കല്ലെറിഞ്ഞ് കാറിൻ്റെ ഗ്ലാസ് തകർത്തിരുന്നു. ഇക്കാര്യം ഇവർ പൊലീസിനെ അറിയിക്കുകയും ചെയ്‌തിരുന്നു. ഇത് യാസറിനെ പിടികൂടുന്നതിന് പൊലീസിന് സഹായകരമായി.
കൂടാതെ യാസർ രക്ഷപ്പെട്ട കാറിന്‍റെ നമ്പർ നേരത്തെ തന്നെ പൊലീസ് പുറത്തുവിട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടവർ കാറിനെ കുറിച്ചുള്ള സൂചന പൊലീസിന് കൈമാറുകയും ചെയ്‌തു. ഇതേ തുടർന്നാണ് മെഡിക്കൽ കോളജ് പാർക്കിങ് ഏരിയയിൽ വച്ച് കാറിൽ നടത്തിയ പരിശോധനയിൽ യാസർ പിടിയിലാവുന്നത്. പിടിയിലായ യാസറിനെ പുലർച്ചെ തന്നെ താമരശ്ശേരി പൊലീസിന് കൈമാറി.
യാസർ ലഹരിക്ക് അടിമയാണെന്ന് തന്നെയാണ് പൊലീസ് നൽകുന്ന വിവരം. ഇതിനിടെ നേരത്തെ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആഷിക്കുമായി യാസറിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോകളും പുറത്തുവന്നു.യാസറും ഷിബിലയും പ്രണയിച്ചു വിവാഹിതരായവരാണ്. ദീർഘകാലത്തെ വധഭീഷണിക്ക് ശേഷമാണ് ഷിബിലയെ യാസിർ വെട്ടിക്കൊലപ്പെടുത്തുന്നത് .