കേരളത്തിലെ വ‍്യവസായം നശിപ്പിച്ചത് കമ്മ‍്യൂണിസമെന്ന് കേന്ദ്ര ധനമന്ത്രി

ന‍്യൂഡൽഹി: സിപിഐഎമ്മിന്‍റെ നയങ്ങൾ മൂലമാണ് കേരളത്തിന്‍റെ വ‍്യവസായ രംഗം തെറ്റായ ദിശയിലെത്തിയതെന്നും കേരളത്തിലെ വ‍്യവസായം നശിപ്പിച്ചത് കമ്മ‍്യൂണിസമാണെന്നും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. രാജ‍്യസഭയിലായിരുന്നു മന്ത്രി ഈ കാര‍്യം ഉന്നയിച്ചത്.കേരളത്തിലെ നോക്കുകൂലി വിഷയവും മന്ത്രി രാജ‍്യസഭയിൽ ഉന്നയിച്ചു. കേരളത്തിൽ നിലവിൽ നോക്കുകൂലി ഇല്ലെന്നാണ് മുഖ‍്യമന്ത്രി പറയുന്നതെന്നും അതിനർഥം മുമ്പ് ഉണ്ടായിരുന്നുവെന്നല്ലേയെന്നും മന്ത്രി ചോദിച്ചു.മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ടുള്ള ചർച്ച നടക്കുന്നതിനിടെ തൃണമൂൽ കോൺഗ്രസ് എംപിമാർ ബഹളം വയ്ക്കുകയും സഭയിൽ നിന്നും ഇറങ്ങി പോവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ സിപിഐഎം നേതാവ് ബികാസ് രജ്ഞൻ ഭട്ടാചാര‍്യ മണിപ്പൂർ വിഷയത്തെപറ്റി സംസാരിച്ചപ്പോൾ ധനമന്ത്രി സിപിഐഎമ്മിനെയും കമ്മ‍്യൂണിസത്തെയും ശക്തമായി വിമർശിക്കുകയായിരുന്നു.
കേരളത്തിൽ ബസിൽ സഞ്ചരിക്കുന്ന ഒരാൾ ഇറങ്ങി കഴിഞ്ഞാൽ ബാഗ് പുറത്തേക്ക് എത്തിക്കണമെങ്കിൽ അമ്പത് രൂപ നോക്കുകൂലി നൽകണമെന്നും മന്ത്രിപരിഹസിച്ചു.