കാണാതായ 13കാരിയെ കണ്ടെത്തി; പോക്സോ കേസ് പ്രതിയായ ബന്ധു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയാതാണെന്ന് കുടുംബം

0

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും കാണാതായ 13 വയസുകാരിയെ ബന്ധുവായ യുവാവിനൊപ്പം ബംഗളൂരുവില്‍ നിന്നും കണ്ടെത്തിയ സംഭവത്തിൽ യുവാവിനെതിരെ പെൺകുട്ടിയുടെ കുടുംബം. പോക്സോ കേസ് പ്രതിയായ ബന്ധു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കർണാടക പൊലീസ് ആണ് പെൺകുട്ടിയെ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് താമരശ്ശേരി പൊലീസ് ബംഗളൂരുവിലേക്ക് തിരിച്ചു. ‌പോക്സോ കേസില്‍ ജയിലിലായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷം ഇരയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് കുടുംബം പറ‌ഞ്ഞു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. യുവാവിനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച പരീക്ഷക്കായി സ്കൂളില്‍ പോയ പതിമൂന്നു വയസുകാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയേയാണ് കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബന്ധുവായ യുവാവിനൊപ്പം തൃശൂരിലെത്തിയതായി കണ്ടെത്തിയിരുന്നു. ഇരുവരുടേയും തൃശൂരില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും കിട്ടി. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതിനു പിന്നാലെയാണ് ബംഗളൂരുവില്‍ വെച്ച് കര്‍ണാടക പൊലീസ് കണ്ടെത്തിയത്. വിവിരമറിഞ്ഞ് അന്വേഷണ സംഘം പുലർച്ചെ ബംഗളൂരുവിന് തിരിച്ചിട്ടുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *