സിനിമയിലെ വയലൻസ് സമൂഹത്തെ ബാധിക്കുമെന്ന് ഹൈക്കോടതി

എറണാകുളം: ചലച്ചിത്രങ്ങളിലെ വയലന്‍സ് സമൂഹത്തെ ബാധിക്കുന്നുണ്ടെന്ന് ഹൈക്കോടതി പരാമർശം. ചലച്ചിത്രങ്ങളിലെ വയലന്‍സ് നിയന്ത്രിക്കാന്‍ ഇടപെടുന്നതില്‍ ഭരണകൂടത്തിന് പരിമിതിയുണ്ട്. വയലന്‍സിനെ മഹത്വവത്കരിക്കുന്ന സിനിമകള്‍ നിര്‍മ്മിക്കുന്നവരാണ് അതേക്കുറിച്ച് ആലോചിക്കേണ്ടതെന്നും ഹൈക്കോടതി പരാമർശിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ചലച്ചിത്രങ്ങളിലെ വയലൻസ് വിഷയം വനിതാ കമ്മീഷൻ ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐടി മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെങ്കില്‍ പരാതിക്കാര്‍ക്ക് സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.നോട്ടീസ് ലഭിച്ചവര്‍ മൊഴി നല്‍കാന്‍ താല്‍പര്യമില്ലെന്ന് നിയമാനുസൃതം എസ്‌ഐടിക്ക് മറുപടി നല്‍കണം. നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമുണ്ടെങ്കില്‍ മജിസ്‌ട്രേറ്റിന് മൊഴി നല്‍കാമെന്നും താൽപ്പര്യമില്ലെങ്കിൽ അക്കാര്യം ഹാജരായി അറിയിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.
ആദ്യ സമന്‍സിന് യഥാസമയം മറുപടി നല്‍കാത്തതിനാലാണ് എസ്‌ഐടി നിരന്തരം നോട്ടീസ് നല്‍കുന്നതെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വിനോദ മേഖലയിലെ തൊഴില്‍ ചൂഷണവും സ്‌ത്രീകള്‍ക്കെതിരായ അതിക്രമവും അവസാനിപ്പിക്കാനുള്ള നിയമ നിര്‍മ്മാണത്തിൻ്റെ പുരോഗതി അറിയിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഏപ്രില്‍ നാലിന് വീണ്ടും പരിഗണിക്കും.